തിരുവനന്തപുരം ചിറയിൻകീഴില്‍ വ്ലോഗര്‍മാരായ ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ചുകയറി ഗര്‍ഭിണിയായ യുവതിയെ അടിക്കുകയും ഭർത്താവിനെ വെട്ടുകയും ചെയ്തെന്ന് പരാതി. പാപ്പുടുസ് വ്ളോഗ് എന്ന ഇന്‍സ്റ്റഗ്രാം പേജിലെ പ്രജിന്‍ പ്രതാപും ദര്‍ശന പിള്ളയുമാണ് പരാതിയുമായി വന്നത്. ആക്രമണത്തില്‍ പരുക്കേറ്റ് തലയില്‍ നിന്നും രക്തംവാര്‍ന്നു കിടക്കുന്ന പ്രജിന്‍റെ വിഡിയോയും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
12 പേര്‍ ചേര്‍ന്ന് വീട് ആക്രമിച്ചെന്നും ആയുധങ്ങള്‍ ഉപയോഗിച്ച് ഭര്‍ത്താവിന്‍റെ തല അടിച്ചുപൊട്ടിച്ചെന്നാണ് യുവതി വിഡിയോയിലൂടെ പറയുന്നത്. റെയില്‍വെ ട്രാക്കിനടുത്ത് താമസിക്കുന്ന ഇവരുടെ വീട്ടിലേക്ക് മദ്യപിച്ച് ഒരാള്‍ വന്ന് പ്രശ്നമുണ്ടാക്കിയെന്നും ഭര്‍ത്താവ് ഇത് ചോദ്യം ചെയ്തതിന് പിന്നാലെ ഇയാളും ഭാര്യയും ചേര്‍ന്ന് തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളെയും കൂട്ടുകാരെയും വിളിച്ചുകൊണ്ട് വരാനായി പോവുകയും ചെയ്തു.
ഇതിനിടയില്‍ ഭര്‍ത്താവും സഹോദരനും പൊലീസ് സ്റ്റേഷനിലേക്ക് പോയെന്നും ഈ സമയത്ത് വീട്ടില്‍ അക്രമികള്‍ എത്തിയതറിഞ്ഞ ഭര്‍ത്താവ് പൊലീസിന്‍റെ നിര്‍ദേശപ്രകാരം തന്നെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയപ്പോള്‍ സംഘം ചേര്‍ന്ന് അക്രമികള്‍ തലയ്ക്ക് അടിക്കുകയായിരുന്നു. ഇത് തടയാനായി എത്തിയപ്പോള്‍ എട്ട് മാസം ഗര്‍ഭിണിയായ തന്നെയും മൂന്നരവയസുള്ള കുഞ്ഞിനെയും ഇവര്‍ തള്ളിയിട്ടെന്നും യുവതി വിഡിയോയില്‍ പറയുന്നുണ്ട്.