നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ രണ്ടാം ദിവസവും അനന്തുവിന്‍റെ മരണത്തെ ചൊല്ലി പോരടിച്ച് മുന്നണികൾ. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മന്ത്രി ഒ.ആർ. കേളുവും അടക്കം ഒട്ടേറെ പേരാണ് ഇന്ന് അനന്തുവിൻറെ വീട്ടിലെത്തിയത്. യുഡിഎഫ് വഴിക്കടവ് കെഎസ്ഇബി ഓഫീസിലേക്കും എൽഡിഎഫ് വഴിക്കടവ് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
അനന്തുവിൻറെ മരണം വൈകാരിക വിഷയമാണ്, ഒപ്പം വന്യമൃഗ ശല്യം കൊണ്ട് പൊറുതിമുട്ടിയ മലയോര ജനതയുടെ മനസ്സ് കൂടി മനസ്സിലാക്കിയാണ് മുന്നണികളുടെ പ്രചാരണം. മന്ത്രി ഒ ആർ കേളുവാണ് അനന്ദുവിൻറെ വീട്ടിൽ ഇന്ന് രാവിലെ ആദ്യം എത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കുടുംബത്തെ കാണാനെത്തി.
വനംമന്ത്രി കേരളത്തിന് അപമാനമെന്നും വൃത്തികെട്ട രാഷ്ട്രീയപ്രചരണം നടത്തുന്ന വാ മൂടിക്കെട്ടണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. കടുവ ആക്രമണം നടന്നപ്പോള്‍ മന്ത്രി ഫാഷന്‍ ഷോ നടത്തിയെന്നും സതീശന്‍ വിമര്‍ശിച്ചു. വിദ്യാര്‍ഥിയുടെ മരണം ഗുരുതരമായ അനാസ്ഥ മൂലമാണ്. വേട്ടക്കെണിക്കെതിരെ പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ല. വിഷയത്തില്‍ നടപടിയെടുക്കേണ്ടത് പൊലീസും വനംവകുപ്പും കെഎസ്ഇബിയുമാണെന്നും പഞ്ചായത്തിന് ഇതില്‍ അധികാരമില്ലെന്നും സതീശന്‍ പറഞ്ഞു.
കാട്ടു പന്നി കെണിയിൽ നിന്ന് ഷോക്കേറ്റ് മുൻപും മരണം ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നും തിരഞ്ഞെടുപ്പില്ലാത്തതുകൊണ്ട് വിവാദമായില്ലെന്നും എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് പറഞ്ഞു. അനന്തുവിൻറെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പി വി അൻവർ ആവശ്യപ്പെട്ടു.
അനന്തുവിൻറെ മരണത്തിന് യഥാർത്ഥ ഉത്തരവാദി വഴിക്കടവ് ഗ്രാമപഞ്ചായത്താണെന്ന് ആരോപിച്ച് ഓഫീസിലേക്ക് സിപിഎം മാർച്ച് നടത്തി. കാട്ടുപന്നിയെ വേട്ടയാടി കിട്ടുന്ന ലാഭം കൈക്കലാക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെയാണ് പ്രതിഷേധമെന്ന് സിപിഎം.
വഴിക്കടവ് കെഎസ്ഇബി ഓഫീസിലേക്ക് യുഡിഎഫ് നടത്തിയ മാർച്ചിലും വൻ ജനപങ്കാളിത്തമുണ്ടായി.