വിഴിഞ്ഞം തുറമുഖത്തിന് മറ്റൊരു അഭിമാനനേട്ടം കൂടി. ലോകത്തെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ എംഎസ്‌സി ഐറിന നങ്കൂരമിടുന്ന ദക്ഷിണേഷ്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞം മാറി. മലയാളി ക്യാപ്ടനായുള്ള കപ്പലിന്, ഫുട്ബോള്‍ ഗ്രൗണ്ടിന്‍റെ നാലിരട്ടി വലിപ്പവും ഇരുപത്തിനാലായിരം കണ്ടെയ്നര്‍ വഹിക്കാനുള്ള ശേഷിയുമുണ്ട്.
കണ്ടെയ്നര്‍ കപ്പലുകളിലെ പടുകൂറ്റനാണ് ലൈബീരിയന്‍ പതാകയണിഞ്ഞ എംഎസ്‌സി ഐറീന. നൂറ് മീറ്റര്‍ നീളം കൂടിയുണ്ടായിരുന്നെങ്കില്‍ കപ്പലിന്‍റെ ആകെ നീളം അരക്കിലോമീറ്ററായാനേ. ഫിഫ അംഗീകരിച്ച ഫുട്ബോള്‍ ഗ്രൗണ്ടിന്‍റെ നാലിരട്ടി വലിപ്പമുണ്ടെന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ അതൊന്നുമല്ല ഈ ഭീമന്‍ കപ്പലിന്‍റെ യഥാര്‍ത്ഥ പ്രത്യേകത. 24346 കണ്ടെയ്നറുകകള്‍ ഈ കപ്പലില്‍ കയറ്റാം. കൊച്ചിയില്‍ അപകടത്തില്‍പെട്ട കപ്പലിലുള്ളത് വെറും 640 കണ്ടെയ്നറെന്ന് ഓര്‍ക്കുമ്പോള്‍ ഐറീന എത്ര കേമനെന്ന് തിരിച്ചറിയാനാവും. അതുകൊണ്ടാണ് വിഴിഞ്ഞം തുറമുഖത്തെത്തുന്ന 349ാമത്തെ കപ്പലായിട്ടും ഐറീനയെ ആവേശപൂര്‍വം വരവേറ്റത്. ഈ പ്രത്യേകതകളൊക്കെയുള്ള കപ്പലിനെ നമ്മുടെ നാട്ടിലേക്ക് നയിച്ചുകൊണ്ടുവന്നത് ആരാണെന്ന് കൂടിയറിയണം. അവിടെ മലയാളികള്‍ക്കുണ്ട് മറ്റൊരു അഭിമാനം. തൃശൂര്‍ക്കാരനായ വില്ലി ആന്‍റണിയാണ് ഈ കൂറ്റന്‍ കപ്പലിന്‍റെ കപ്പിത്താന്‍.
16000 കണ്ടെയ്നറുമായി വന്ന ഐറിന നാലായിരം കണ്ടെയ്നര്‍ ഇവിടെ ഇറക്കും. നാളെ ഉച്ചയോടെ സ്പെയിന്‍ ലക്ഷ്യമിട്ട് മടങ്ങും. അതിനിടയില്‍ വിഴിഞ്ഞത്ത് വന്നാല്‍ ലോക ഭീമന്‍ കപ്പലിനെ ദൂരനിന്ന് കാണാം. യൂറോപ്പിനും ഏഷ്യയ്ക്കുമിടയില്‍ ചരക്ക് കൈമാറ്റം നടത്തുന്ന ഈ പടുകൂറ്റന്‍ കപ്പല്‍ ഇന്ത്യയിലെന്നല്ല, ദക്ഷിണേഷ്യയില്‍ തന്നെ നങ്കൂരമിടുന്ന ആദ്യ തുറമുഖമാണെന്നതുകൊണ്ടാണ് ഈ ദിനം വിഴിഞ്ഞത്തിന് ചരിത്രമാകുന്നത്.