ഇതിനകം പ്രേക്ഷകര്‍ ശ്രദ്ധിച്ചിരിക്കും മനോരമ ന്യൂസിന്‍റെ പുതിയ ലുക്ക്. പുതിയ കാലത്തിനൊത്ത രൂപവും ഭാവവും നേടി മനോരമ ന്യൂസ് കൂടുതല്‍ സ്മാര്‍ട്ടായിരിക്കുകയാണ്. ലോകനിലവാരത്തിലെ പുതിയ സ്ക്രീനിന്‍റെ വിശേഷങ്ങള്‍ ‘നേരില്‍ കാണാം’.
കൂടുതല്‍ തെളിമ. കൂടുതല്‍ ചടുലത. കൂടുതല്‍ വശ്യത ആതാണ് മനോരമ ന്യൂസ് സ്ക്രീനിന് ഇനി മുതല്‍. വിവരങ്ങളുടെ കുത്തൊഴുക്കിന്‍റെ സമയങ്ങളിലും അടുക്കുംചിട്ടയുമായി മനോരമയുടെ സ്ക്രീന്‍ നിങ്ങള്‍ അറിയേണ്ടത് നിങ്ങളിലേക്കെത്തിക്കും. ദൃശ്യങ്ങളെ അലോസരപ്പെടുത്താതെ. വാര്‍ത്താപ്രാധാന്യം കടുകിട തെറ്റാതെ തന്നെ... ലോകപ്രശസ്ത ഗ്രാഫിക് സ്ഥാപനമായ ട്വിന്‍ അസോസിയേറ്റ്സിലെ ഇയാന്‍ വോംലൈറ്റണും ഏമി ജോണ്‍സണുമാണ് ഈ ഡിജിറ്റല്‍ സൗഹൃദ ഡിസൈനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
വിവരങ്ങള്‍ കുത്തിനിറച്ച് പ്രേക്ഷകരെ ആശയക്കുഴപ്പമുണ്ടാക്കലല്ല, ശരിയായ മാധ്യമ മാനദണ്ഡങ്ങളില്‍ വാര്‍ത്തകളെ അടയാളപ്പെടുത്തുന്നതാണ് പുതിയ സ്ക്രീന്‍. വലിയ വാര്‍ത്തകളെ പ്രതിഫലിപ്പിക്കുന്ന പ്രത്യേത ടെംപ്ലേറ്റുകളും കാലാവസ്ഥ, സ്പോര്‍ട്സ് എന്നിവയ്ക്കുള്ള ഡിസ്പ്ലേകളും ഇതിലുണ്ട്.
ചാനല്‍ ലോഗോ മുതല്‍ അക്ഷരങ്ങളുടെ ആകാരം വരെയുള്ള സമ്പൂര്‍ണ അഴിച്ചുപണിയാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ ഞങ്ങളവതരിപ്പിക്കുന്നത്. മാറുന്ന പുതിയ മുഖവും മാറാത്ത വിശ്വാസ്യതയുമായി മലയാളിക്കൊപ്പം മനോരമ ന്യൂസ് ഉണ്ടാകും. നേരില്‍ കാണാം.