HBOയുടെ ഗെയിം ഓഫ് ത്രോൺസ്, AMCയുടെ ബ്രേക്കിങ് ബാഡ് എന്നീ ഗ്ലോബല്‍ ഹിറ്റ് പരമ്പരകളുടെ ആരാധകർ തമ്മിൽ സൈബർ ലോകത്ത് പോര് മുറുകുന്നു. IMDbയിൽ ഏറ്റവും ഉയർന്ന റേറ്റിങ്ങുള്ള എപ്പിസോഡ് ഏത് എന്ന തർക്കമാണ് ഈ ഓണ്‍ലൈന്‍ യുദ്ധത്തിനു പിന്നിൽ.
2013 മുതൽ, ബ്രേക്കിങ് ബാഡ് പരമ്പരയിലെ 'ഒസിമാൻഡിയാസ്' എന്ന എപ്പിസോഡിനായിരുന്നു IMDbയിൽ ഒന്നാം സ്ഥാനം. 10/10 എന്ന സമ്പൂർണ റേറ്റിങ് നേടിയ ഏക ടെലിവിഷൻ എപ്പിസോഡും ഇതായിരുന്നു. 3 ലക്ഷത്തിലധികം പ്രേക്ഷകരുടെ വോട്ടിന്റെ പിൻബലത്തിലാണ് ഒന്നാം സ്ഥാനത്ത് തുടർന്നത്. എന്നാൽ, കഴിഞ്ഞ ആഴ്ച പൊടുന്നനെ നൂറുകണക്കിന് 1/10 റേറ്റിങ്ങുകൾ കാരണം എപ്പിസോഡിന്റെ റേറ്റിങ് 9.9 ആയി കുറഞ്ഞു. ഇതോടെ ഒന്നാം സ്ഥാനത്തുനിന്ന് ഒസിമാൻഡിയാസ് പിന്തള്ളപ്പെട്ടു.
ആരാധകരുടെ റിവ്യൂ ബോംബിങ്ങ്
ഇതേസമയമാണ് ഗെയിം ഓഫ് ത്രോൺസിന്റെ സ്പിൻ ഓഫ് പരമ്പരയായ എ നൈറ്റ് ഓഫ് ദ സെവൻ കിങ്ഡംസിലെ അഞ്ചാം എപ്പിസോഡ് In The Name of The Mother പുറത്തിറങ്ങിയത്. എപ്പിസോഡിന് 10/10 എന്ന സമ്പൂർണ റേറ്റിങ് സ്വന്തമാക്കി. പിന്നാലെ ബ്രേക്കിങ്ങ് ബാഡ് ആരാധകര്‍ റിവ്യൂ ബോംബിങ്ങ് നടത്തി എപ്പിസോഡിന്റെ റെറ്റിങ്ങ് കുറച്ചു എന്ന് ത്രോണ്‍സ് ആരാധകര്‍ ആരോപിച്ചു. ഇതിന് മറുപടിയായാണ് ഒസിമാൻഡിയാസില്‍ റിവ്യൂ ബോംബിങ്ങ് നടന്നത്.
ഗെയിം ഓഫ് ത്രോൺസ് ലോകത്തെ ഏറ്റവും മികച്ച എപ്പിസോഡ് എന്നാണ് ആരാധകർ In The Name of The Motherനെ വിശേഷിപ്പിച്ചത്. ഇതോടെ, ഇരു പരമ്പരകളുടെയും ആരാധക കൂട്ടായ്മകൾ സമൂഹമാധ്യമങ്ങളിൽ പരസ്പരം അധിക്ഷേപിച്ചുകൊണ്ട് പോര് തുടരുകയാണ്.
ഹിറ്റടിച്ച് എഗ്ഗും ഡങ്കും
എ നൈറ്റ് ഓഫ് ദ സെവൻ കിങ്ഡംസിന്റെ ആദ്യ സീസണിൽ ഓരോ എപ്പിസോഡിനും ശരാശരി 1.3 കോടി യുഎസ് പ്രേക്ഷകരുണ്ടെന്ന് HBO വെളിപ്പെടുത്തി. ഗെയിം ഓഫ് ത്രോണ്‍ ലോകത്തെ ഈ മൂന്നാം പരമ്പര വമ്പന്‍ ഹിറ്റാണ്. ഹൗസ് ഓഫ് ദി ഡ്രാഗണ്‍സ് നിരാശപ്പെടുത്തിയപ്പോള്‍ വലിയ പ്രതീക്ഷയൊന്നുമില്ലാതെ എത്തിയ ഒരു ഫീല്‍ ഗുഡ് പരമ്പരയായി എ നൈറ്റ് ഓഫ് ദ സെവൻ കിങ്ഡംസ്. ആറാം എപ്പിസോഡ് തിങ്കളാഴ്ച്ച പുറത്തിറങ്ങിയതോടെ പരമ്പരയുടെ ആദ്യ സീസണ്‍ അവസാനിച്ചു. അടുത്തവര്‍ഷം രണ്ടാം സീസണ്‍ പുറത്തിറങ്ങും