വന്യജീവി ആക്രണം തടയുന്നതിനായി സംസ്ഥാനം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. കാട്ടുപന്നിയെ ക്ഷുദ്രജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും ആനയെയും കടുവയെയും സംരക്ഷിത ജീവികളുടെ രണ്ടാം വിഭാഗത്തിലേക്ക് മാറ്റാനാവില്ലെന്നുമാണ് കേന്ദ്ര നിലപാട്. അപകടകാരികളായ വന്യജീവികളെ വേട്ടയാടാന്‍ നിയന്ത്രണമില്ലെന്ന് വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു.
നിലമ്പൂരിലെ അനന്തുവിന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിന്‍റെ വിശദീകരണം. അപകടകാരികളായ വന്യജീവികളെ വേട്ടയാടാന്‍ തടസമില്ല. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് തീരുമാനമെടുക്കാവുന്നതെയുള്ളു. സംസ്ഥാനം ഈ അധികാരം വിനിയോഗിക്കാത്തതാണ് പ്രശ്നം. അനന്തുവിന്‍റെ മരണത്തിന് കാരണം സംസ്ഥാന സര്‍ക്കാരിന്‍റെ അനാസ്ഥയാണെന്നും മന്ത്രി ഭൂപേന്ദ്രയാദവ്
അതേസമയം കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും ആനയെയും കടുവയെയും നിയന്ത്രണം കുറഞ്ഞ ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുത്തണം എന്നുമുള്ള സംസ്ഥാന ആവശ്യം കേന്ദ്രം തള്ളി. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ ആര്‍ക്കും വേട്ടയാടാം എന്ന അവസ്ഥയുണ്ടാകും. ആനയും കടുവയും സംരക്ഷിത വിഭാഗത്തില്‍ ഉള്ളതാണ്. അതില്‍നിന്ന് മാറ്റാനാവില്ലെന്നും വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.