കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്തിന് 78 നോട്ടിക്കല്‍ മൈല്‍ അകലെ തീപിടിച്ച ചരക്കുകപ്പലിലെ 18 ജീവനക്കാരെ രക്ഷപെടുത്തി. നാലുപേരെ കാണാതെയായി. ജീവനക്കാരില്‍ ഇന്ത്യക്കാരില്ലെന്നാണ് വിവരം. കപ്പല്‍ ജീവനക്കാര്‍ ചൈന, തയ്‌വാന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും ജീവനക്കാരെപ്പറ്റി വിവരം ലഭ്യമല്ലെന്നും അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ അനില്‍കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
Also Read: കോഴിക്കോട് ചരക്കുകപ്പലില്‍ തീപിടിത്തം; കപ്പലില്‍ നാല്‍പതോളം ജീവനക്കാര്‍
തീപിടിച്ചത് കപ്പലിന്‍റെ പ്രൈമറി ഡെക്കിന്റെ അടിഭാഗത്താണ് സ്ഫോടനം ഉണ്ടായത്. പിന്നാലെ തീപിടിത്തവും ഉണ്ടായെന്നാണ് വിവരം. 20 കണ്ടെയിനര്‍ കടലില്‍ വീണു. കപ്പലില്‍ രാസവസ്തുക്കള്‍ ഉണ്ടെന്നാണ് വിവരം. തീപിടിപ്പിച്ചാല്‍ കത്തുന്ന ദ്രാവകങ്ങള്‍, കൂട്ടി ഉരസുമ്പോള്‍ സ്വയം തീപിടിക്കുന്നതും വായുവുമായി സമ്പര്‍ക്കമുണ്ടായാല്‍ തീപിടിക്കുന്നതും ശ്വസിച്ചാലോ സ്പര്‍ശിച്ചാലോ ഹാനികരമാവുന്നതുമായ ഉല്‍പ്പന്നങ്ങള്‍ കപ്പലിലുണ്ട്.
കപ്പലില്‍ അമ്പതോളം കണ്ടെയ്നര്‍ ഉണ്ടെന്നും തീരസംരക്ഷണസേനയില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നതേയുള്ളൂവെന്നും മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.
കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോയ വാങ് ഹി–506 എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. തീരസംരക്ഷണസേനയുടെയും നാവികസേനയുടെയും ഹെലികോപ്ടറുകള്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. തീപിടിത്തമുണ്ടായ കപ്പലിന് 20 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് വിവരം. രാവിലെ പത്തരയോടെയാണ് കപ്പലില്‍ തീപിടിത്തമുണ്ടായതായി മുംബൈയിലെ കേന്ദ്രത്തില്‍ വിവരം ലഭിച്ചത്. സിംഗപ്പുര്‍ പതാകയാണ് കപ്പലിലുള്ളത്.