ഉപതിരഞ്ഞെടുപ്പ് കളത്തിൽ മൂർച്ചയുള്ള ആകമണവും പ്രത്യാക്രമണവുമായി നിലമ്പൂർ വള്ളക്കട്ടയിലെ വിദ്യാർഥിയുടെ മരണം. പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റുള്ള മരണം, കത്തുന്ന രാഷ്ട്രീയ വിഷയമായി പ്രചാരണങ്ങളിൽ നിറഞ്ഞതോടെ ഇനിയും അവസാനിക്കാത്ത വിവാദങ്ങളും തുടങ്ങി. സർക്കാർ സ്പോൺസേഡ് കൊലപാതകം എന്ന് യു.ഡി.എഫ് ആരോപിച്ചപ്പോൾ, അപകട മരണത്തെപ്പോലും പ്രതിപക്ഷം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്ന നിലപാടിൽ നിന്ന് എല്‍.ഡി.എഫ് പ്രതിരോധം തീർത്തു.
ഇന്നലെ രാത്രിമുതൽ ഈ നിമിഷം വരെ ഒഴിഞ്ഞിട്ടില്ല വെള്ളക്കട്ടയിൽ വിദ്യാർഥി ഷോക്കേറ്റുമരിച്ചതിലെ വാക്പോര്. പ്രതിഷേധം. വിമർശനങ്ങളുടെ നിലയില്ലാക്കയത്തിൽ മുങ്ങുന്ന വനംവകുപ്പിനുനേരെ ആരോപണങ്ങൾ കടുത്തപ്പോൾ, അപകടത്തിൽ ഗൂഡാലോചന ഉയർത്തി വനം മന്ത്രിയും കടുപ്പിച്ചു.
വനം മന്ത്രിയുടെ പ്രയോഗം ആവർത്തിച്ച് സി.പി.എം. സംസ്ഥാനസെക്രട്ടറിയും പിന്തുണച്ചു. ഒട്ടും അയയാതെ യു.ഡി.എഫും നിലപാടെടുത്തു. പിന്നാലെ വനം മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂരിൽ പ്രതിഷേധവും കോലം കത്തിയ്ക്കലും വനം മന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവിന്‍റെ കടന്നാക്രമണവും.
സർക്കാരിനെയും, വനം മന്ത്രിയെയും വിമർശിച്ച് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങി നേതാക്കളുടെ നീണ്ട നിരയെത്തി. പ്രതിരോധിച്ച് എല്‍.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ്, പി.ബി. അംഗം എ.വിജയരാഘവൻ, സംസ്ഥാന സെക്രട്ടിയേറ്റ് അംഗം എം.വി.ജയരാൻ എന്നിവരടക്കമെത്തി. അങ്ങനെ തീരാവിവാദം തുടരുകയാണ്.