ആദർശം മുറുകെപ്പിടിച്ച് ചിരിയിൽ സൗഹൃദം സൂക്ഷിച്ച കോൺഗ്രസിന്‍റെ സൗമ്യ മുഖമായ തെന്നല ബാലകൃഷ്ണപിള്ള ഓർമ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി നൂറുകണക്കിനാളുകളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങിയ തെന്നല ആദർശത്തിന്‍റെ അടയാളമായി രാഷ്ട്രീയ കേരളത്തിന്‍റെ മനസിൽ ജ്വലിക്കും. നെട്ടയത്തെ വീട്ടിലെയും ഏറെനാൾ അമരത്തിരുന്ന കെ.പി.സി.സി ആസ്ഥാനത്തെയും പൊതുദർശനത്തിന് ശേഷം തൈക്കാട് ശ്മശാനത്തില്‍ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
ഹൃദയം നിറഞ്ഞ ചിരി. ഏത് പ്രതിസന്ധിയിലും കൈവിടാത്ത ആത്മവിശ്വാസം. ആരെയും ചേർത്ത് നിർത്തുന്ന പ്രകൃതം. തെന്നല ബാലകൃഷ്ണപിള്ളയെന്ന കോൺഗ്രസുകാരന്‍റെ അതിലുപരി എതിർ ചേരിയിലുള്ളവർ പോലും അംഗീകരിക്കുന്ന നേതാവ്. സമ്മതൻ എന്ന് വെറുതെ പറയുന്നതല്ല. അടയാളപ്പെടുത്തലുകൾ ആവശ്യമില്ലാത്ത സ്നേഹനിധിയായിരുന്നു.
നെട്ടയത്തെ വീട്ടിലെ പൊതുദർശനത്തിന് ശേഷം കെ.പി.സി.സി ആസ്ഥാനത്തേക്ക്. നിരവധി നേതാക്കളെ തെന്നല കൈ പിടിച്ച് കയറ്റിയ ഇടത്തേക്ക് വിങ്ങുന്ന മനസുമായി ഓരോരുത്തരും തങ്ങളുടെ പ്രിയ നേതാവിനെ അവസാനവട്ടം കാണാനെത്തി. ഉച്ചയോടെ മുഖ്യമന്ത്രി പിണറായി വിജയൻ കെ.പി.സി.സി ആസ്ഥാനത്ത്. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി കെ.പി.സി.സി ആസ്ഥാനത്ത് അന്തിമോപചാരം അർപ്പിക്കാൻ എത്തിയതിലെ അപൂർവതയിലുണ്ട് തെന്നല സൂക്ഷിച്ച സൗഹൃദ വ്യാപ്തിയും പ്രതിപക്ഷ ബഹുമാനവും.