sreechithra

ശ്രീചിത്രാ ആശുപത്രിയില്‍ ഉപകരണ ക്ഷാമത്തേത്തുടര്‍ന്ന് ന്യൂറോ – റേഡിയോളജി ശസ്ത്രക്രിയകള്‍ മുടങ്ങിയതോടെ വലഞ്ഞ് രോഗികള്‍. ഇരുപത്തിമൂവായിരം രൂപയുടെ ശസ്ത്രക്രിയ ഒരു ലക്ഷം രൂപയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ ചെയ്യേണ്ടി വന്ന ദുരിതം പിത്താശയ കാന്‍സര്‍ ബാധിച്ച രോഗിയുടെ ബന്ധു മനോരമ ന്യൂസിനോട് പങ്കുവച്ചു. റേഡിയോളജിവിഭാഗം കഴിഞ്ഞ നവംബര്‍ മുതല്‍ ഉപകരണങ്ങള്‍ക്ക് ക്ഷാമം നേരിടുന്ന വിവരം അറിയിച്ചിട്ടും കരാര്‍ ഉറപ്പിക്കുന്നതില്‍ ആശുപത്രി മാനേജ്മെന്‍റിന്  സംഭവിച്ച ഗുരുതര വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണം. 

പിത്താശയത്തിലും കരളിലും അര്‍ബുദം ബാധിച്ച് ശസ്ത്രക്രിയയ്ക് പ്രവേശിപ്പിക്കപ്പെട്ട രോഗിയോട് ഉപകരണങ്ങളില്ലെന്നും  സ്വകാര്യ ആശുപത്രിയിലേയ്ക്ക് പോകാനുമായിരുന്നു ശ്രീ ചിത്ര ആശുപത്രി അധികൃതരുടെ നിര്‍ദേശം. രോഗി ജീവന്‍മരണ പോരാട്ടത്തിലായതോടെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി.

പക്ഷാഘാതം വന്നവര്‍ , കാന്‍സറിന് ചികില്‍സ തേടുന്നവര്‍, രക്സ്രാവത്താല്‍ ഗുരുതരാവസ്ഥയിലായവര്‍ തുടങ്ങി നൂറു കണക്കിന് രോഗികളാണ് ഉപകരണ ക്ഷാമത്താല്‍ വലയുന്നത്.  അമേരിക്കയില്‍ നിന്നും , യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ക്ക്  ടെന്‍ഡര്‍ വിളിച്ചാണ് ഒാര്‍ഡര്‍ നല്കുന്നത്. എന്നാല്‍   2023 ഡിസംബറിലാണ് അവസാനമായി ശ്രീ ചിത്ര ആശുപത്രി ടെന്‍ഡര്‍ നല്കിയത്. കേന്ദ്രസര്‍ക്കാര്‍ നിയമം അനുസരിച്ച് ഉപകരണങ്ങളുടെ കരാര്‍ ഓരോ വര്‍ഷവും പുതുക്കണമെന്നുളളപ്പോഴാണ് ഗുരുതര വീഴ്ച. ദേശീയ പ്രാധാന്യമുളള മറ്റ് ആശുപത്രികളിലുളതുപോലെ അമൃത്  ഫാര്‍മസി സൗകര്യവും ശ്രീചിത്രയ്ക്കില്ല. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാരും രോഗികളെ കൈയൊഴിയുകയാണ്.

ENGLISH SUMMARY:

Patients are in distress as neuro-radiology surgeries at Sree Chitra Hospital have been halted due to a shortage of essential medical equipment. The disruption has led to long delays in critical treatments.