പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ റോഡിലെ കുഴിയിൽ പെട്ട് ഇരുചക്ര വാഹന യാത്രക്കാരി മരിച്ചതിൽ വ്യാപക പ്രതിഷേധം. കഴിഞ്ഞ ഒരു വർഷത്തിനിടെ നാലു പേരാണ് ഇതേ റോഡിൽ അപകടത്തിൽ മരിച്ചത്. കരാർ ഏറ്റെടുത്തിട്ടും പണി ആരംഭിക്കാത്തതാണ് അപകടങ്ങൾ ആവർത്തിക്കുന്നതിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
പാലക്കാട് -പൊള്ളാച്ചി അന്തർ സംസ്ഥാന പാതയിലെ തകർന്നു കിടക്കുന്ന 12 കിമിറ്ററിന്‍റെ നവീകരണത്തിനായി 3.30 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു ഡിസംബറിൽ കരാർ ഏറ്റെടുത്തെങ്കിലും പണി ആരംഭിച്ചില്ല. റോഡിലുണ്ടായ അപകടങ്ങൾ ഒരു വർഷത്തിനിടെ പൊലിഞ്ഞത് നാലു ജീവനുകൾ. ഇന്നലെ ഉണ്ടായ അപകടത്തിൽ യുവതിക്ക് ജീവൻ നഷ്ടമായതോടെ പ്രതിഷേധം ശക്തമാവുകയാണ്.
ബി.ജെ.പി പ്രവർത്തകർ റോഡ് ഉപരോധിച്ചു. കോൺഗ്രസ് പ്രവർത്തകർ റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചു.
അപകടങ്ങൾ ഉണ്ടാകുമ്പോൾ താത്കാലികമായി കുഴിയടിക്കുന്ന നടപടി പോരായെന്ന് നാട്ടുകാർ. ഇന്നലെ രാത്രി 9 മണിയോടെ ഇരുചക്ര വാഹനം കുഴിയിൽപ്പെട്ട് റോഡിലേക്ക് തെറിച്ചുവീണ പഴനിയാർ പാളയം ലൈബ്രറി സ്ട്രീറ്റിൽ ജയന്തി മാർട്ടിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി മരണപ്പെടുകയായിരുന്നു.