തിരുവനന്തപുരം ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തലച്ചോറിലെ രക്തം കട്ടപിടിച്ചത് നീക്കുന്നത് ഉള്‍പ്പെടെയുളള ന്യൂറോ – റേഡിയോളജി വിഭാഗത്തിലെ ശസ്ത്രക്രിയകള്‍ നിലച്ചു. ഒന്നര വര്‍ഷമായി ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്ക് ടെന്‍ഡര്‍ നല്കാതെ ശ്രീചിത്രാ അധികൃതര്‍ ഉഴപ്പിക്കളിച്ചതോടെ ഉപകരണങ്ങള്‍ക്ക് ക്ഷാമം നേരിട്ടതാണ് ആയിരക്കണക്കിന് ഗുരുതര രോഗികളെ പ്രതിസന്ധിയിലാക്കിയത്. ഈ മാസം 9 മുതല്‍ ശസ്ത്രക്രിയകള്‍ പൂര്‍ണമായും നിര്‍ത്തി വയ്ക്കുമെന്ന് റേഡിയോളജി വിഭാഗം ആശുപത്രി അധികൃതര്‍ക്ക് നല്കിയ കത്തിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.
പക്ഷാഘാതം വന്നാല്‍ രക്തം കട്ടപിടിക്കുന്നത് മാറ്റുക, തലച്ചോറില്‍ രൂപപ്പെട്ട് പൊട്ടി അപകടമുണ്ടാക്കുന്ന കുമിളകളെ നീക്കുക, വൃക്കകളിലെ ചുരുങ്ങിപ്പോയ രക്തക്കുഴലുകള്‍ വികസിപ്പിക്കുക, പ്രസവത്തിനു ശേഷമുണ്ടാകുന്ന നിലയ്ക്കാത്ത രക്ത സ്രാവം ചികില്‍സിക്കുക, എന്‍ഡോ വാസ്കുലാര്‍ ഇന്‍റര്‍വെന്‍ഷന്‍ അതീവ ഗുരുതരാവസ്ഥയിലുളള രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടിയുളളതാണ്.
ഇതിനായുള്ള ഉപകരണങ്ങള്‍ക്കാണ് ശ്രീചിത്രയില്‍ കടുത്ത ക്ഷാമം നേരിടുന്നത്. അമേരിക്കയിൽ നിന്നും , യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതാണ് ഉപകരണങ്ങള്‍. ടെന്‍ഡര്‍ വിളിച്ചാണ് ഉപകരണങ്ങള്‍ക്ക് ഒാര്‍ഡര്‍ നല്കുന്നത്. എന്നാല്‍ 2023 ഡിസംബറിലാണ് അവസാനമായി ശ്രീ ചിത്ര ആശുപത്രി ടെന്‍ഡര്‍ നല്കിയത്. റേഡിയോളജിവിഭാഗം കഴിഞ്ഞ നവംബര്‍ മുതല്‍ ഉപകരണങ്ങള്‍ക്ക് ക്ഷാമം നേരിടുന്ന വിവരം അറിയിച്ചിട്ടും അധികൃതര്‍ അനങ്ങിയില്ല. പ്രാദേശികമായി ലഭിക്കുന്ന ചില ഉപകരണങ്ങള്‍ ഉപയോഗിച്ച് അതീവ ഗുരുതരാവസ്ഥയില്‍ എത്തുന്നവരെ മാത്രമാണ് ഒരുമാസത്തോളമായി ചികില്‍സിക്കുന്നത്. 9 മുതല്‍ ഈ ചികില്‍സാ രീതി പൂര്‍ണമായും നിര്‍ത്തുമെന്ന് ഡോക്ടര്‍മാര്‍ നല്കിയ കത്തിന്‍റെ പകര്‍പ്പാണിത്. തലച്ചോറുമായി ബന്ധപ്പെട്ട് ഒരുവര്‍ഷം 700 ലേറെയും ന്യൂറോ വിഭാഗത്തിന് പുറത്ത് 1500 ലേറെയും നടക്കുന്ന ശസ്ത്രക്രിയകളാണ് നിലയ്ക്കുന്നത്. സ്വകാര്യ മേഖലയില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങി നല്കാന്‍ രോഗികള്‍ സന്നദ്ധരായാലും പുറത്തു നിന്നുളള ഉപകരങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
രാജ്യത്ത് ആദ്യമായി ഈ നൂതന ചികില്‍സാ രീതി തുടങ്ങിയത് ശ്രീചിത്രയിലാണ്. രാജ്യത്ത് തന്നെ സര്‍ക്കാര്‍ മേഖലയില്‍ ഇത്തരം ശസ്ത്രക്രിയ ചെയ്യുന്ന അപൂര്‍വം ആശുപത്രിയെന്ന് ഖ്യാതിയുളളപ്പോഴാണ് അധികൃതരുടെ അനാസ്ഥ രോഗികളെ കടുത്ത ദുരിതത്തിലാക്കുന്നത്.