കൊല്ലത്ത് പേവിഷബാധയേറ്റ് മരണം. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി ബൈജു മരിച്ചത് പേവിഷബാധയേറ്റെന്ന് കണ്ടെത്തൽ. ചൊവ്വാഴ്ചയാണ് ബൈജു മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിലാണ് കണ്ടെത്തല്‍. എങ്ങിനെയാണ് ബൈജുവിന് പേവിഷബാധയേറ്റതെന്ന് പരിശോധിച്ചു വരികയാണ്.
ആറുമാസം മുന്‍പേ ബൈജുവിനെ തെരുവ് നായ കാലിൽ നക്കിയിരുന്നതായി ബന്ധുക്കൾ ആശുപത്രി അധികൃതരോട് പറഞ്ഞു. ചൊവ്വാഴ്ച പകൽ ബൈജു ശ്വാസമുട്ടലും മറ്റു അസ്വസ്ഥതകളുമായ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്തെങ്കിലും ബൈജു പോയിരുന്നില്ല.
രാത്രിയോടെ ശ്വാസമുട്ട് ഉണ്ടാവുകയും താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബൈജു മരിക്കുകയായിരുന്നു. പേവിഷബാധയേറ്റാണ് ബൈജു മരണപ്പെട്ടതെന്നുള്ള സ്ഥിരീകരണം പൊലീസിനും ആരോഗ്യവകുപ്പിന് ലഭിച്ചു. ബൈജുവുമായി സമ്പർക്കം ഉണ്ടായിരുന്നവരോട് പേ വിഷ ബാധയുടെ വാക്സിനടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.