നടന്‍ ഷൈനിനേയും സഹോദരങ്ങളേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ നിര്‍മിക്കാനിരിക്കേയാണ് പിതാവ് സി.പി ചാക്കോയുടെ ദാരുണാന്ത്യം. ‘ഒപ്പീസ്’എന്നു പേരിട്ട സിനിമയ്ക്കായി സി. പി ചാക്കോ കരാറുണ്ടാക്കിയത് മൂന്നു ദിവസങ്ങള്‍ക്കു മുന്‍പാണ്. കരാര്‍ ഫിലിം ചേംബറിനു സമര്‍പ്പിക്കാനിരിക്കേയാണ് സേലത്തിനടത്തുവച്ചുണ്ടായ കാര്‍ അപകടത്തില്‍ ചാക്കോ മരിച്ചത്. ശവസംസ്കാരച്ചടങ്ങിന്റെ പ്രാര്‍ത്ഥനാചടങ്ങുകളിലെ ആദ്യഘട്ടമാണ് ‘ഒപ്പീസ്’ .

അതേസമയം നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനും പരോപകാരിയുമായിരുന്നു ഷൈനിന്റെ പിതാവ് ചാക്കോയെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടിൽ സഹായം തേടി ആരു വന്നാലും കൈയയച്ച് സഹായിക്കും. പതിനൊന്നു വര്‍ഷമായി തൃശൂരിലെ മുണ്ടൂരിലാണ് ചാക്കോയും കുടുംബവും താമസിക്കുന്നത്. ഒരാഴ്ച്ച മുന്‍പാണ് വീട്ടില്‍ നിന്നും പോയത്. അയല്‍വാസിയായ സൈമണെ വീട് നോല്‍ക്കാനേല്‍പ്പിച്ചാണ് ചാക്കോയും കുടുംബവും ബംഗളൂരുവിലേക്ക് യാത്ര തിരിച്ചത്.

എറണാകുളത്ത് നിന്നും ബെംഗളുരുവിലേക്ക് ഇന്നലെ രാത്രി പത്തുമണിയോടെയാണ് ഇവര്‍ യാത്ര തിരിച്ചത്. തൊടുപുഴയിലെ ചികിത്സയ്ക്കു ശേഷം ലഹരിയില്‍ നിന്നും പൂര്‍ണമായും മുക്തിനേടാനായുള്ള തുടര്‍ചികിത്സയ്ക്കായാണ് ഷൈനും കുടുംബവും ബെംഗളൂരുവിലേക്ക് തിരിച്ചത്. ഇന്നു രാവിലെ ആറുമണിയോടെയാണ് സേലത്തിന് 20കിമീ മുന്‍പ് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഷൈനിന്റെ അസിസ്റ്റന്റ് പാച്ചുവാണ് വാഹനം ഓടിച്ചിരുന്നത്. സഹോദരന്‍ മുന്‍വശത്തെ സീറ്റിലും അച്ഛനും അമ്മയും നടുവിലത്തെ സീറ്റിലുമാണ് ഇരുന്നത്. ഷൈന്‍ പുറകുസീറ്റില്‍ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെയാണ് ഒരു ലോറി ട്രാക്കുമാറി വന്ന് ഇവരുടെ കാറിലേക്ക് ഇടിച്ചുകയറിയത്.

ENGLISH SUMMARY:

A tragic incident struck just as a film was about to be made featuring actor Shine and his brothers in lead roles. Shine’s father, C.P. Chacko, had signed an agreement for the film titled ‘Office’ just three days ago. He passed away in a car accident near Salem while on his way to submit the agreement to the Film Chamber. The initial phase of the funeral prayers itself forms the opening scene of ‘Office’.