റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ് നിരക്ക് കൂട്ടിയതിൽ പരാതിയുമായി യാത്രക്കാർ. പഴയ നിരക്കിൽ നിന്ന് വർധിച്ചത് 20 മുതൽ 30 ശതമാനം വരെ. റെയിൽവേയിൽ നിന്ന് വാഹന പാർക്കിംഗ് കരാർ എടുത്തവർ പലനിരക്കുകളാണ് ഏർപ്പെടുത്തുന്നതെന്നും ആക്ഷേപമുണ്ട്.
2017 ന് ശേഷം ആദ്യമായാണ് റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ് നിരക്ക് പരിഷ്കരണം. ഇരുചക്രവാഹനങ്ങൾക്ക് രണ്ടു മണിക്കൂർ വരെ 10 രൂപയും 8 മണിക്കൂർ വരെ 20 രൂപയും 24 മണിക്കൂർ വരെ 30 രൂപയും ആണ് നിരക്ക്. കാറുകൾക്ക് ഇത് 30, 50,80 എന്നിങ്ങനെ. പുതിയ നിരക്കിൽ, രണ്ടു മുതൽ 12 വരെയുള്ള ഫീസിന് പകരം രണ്ടു മുതൽ 8 മണിക്കൂർ വരെയുള്ള ഫീസ് ആണ് ഈടാക്കുന്നത്. തൊഴിലിടങ്ങളിലേക്ക് പോകുന്നവർക്ക് ഈ മണിക്കൂർ വ്യത്യാസം നൽകിയത് ഇരുട്ടടി. പുതിയ നിരക്കിൽ കൂടിയത് പത്തു രൂപ മുതൽ 400 രൂപ വരെ. പ്ലാറ്റ്ഫോം ടിക്കറ്റിന് പത്തുരൂപ വാങ്ങുമ്പോൾ, കാറ് പാർക്ക് ചെയ്യാൻ വാങ്ങുന്നത് 30 രൂപ. സീസൺ ടിക്കറ്റിനേക്കാൾ കൂടുതലാണ്, പാർക്കിങ്ങിനുള്ള മാസ നിരക്കും. ഉദാഹരണത്തിന്, കോട്ടയത്ത് നിന്ന് എറണാകുളത്തിനുള്ള ഒരു മാസത്തെ സീസൺ ടിക്കറ്റ് 270 രൂപയും ഇരു ചക്ര വാഹനത്തിന്റെ പാർക്കിംഗ് നിരക്ക് 600 രൂപയും ആണ്. പഴയ നിരക്കിൽ ഓട്ടോയ്ക്കും കാറിനും പ്രത്യേകം പ്രത്യേകം ഫീസാണ് നിശ്ചയിച്ചിരുന്നതെങ്കിൽ, പുതിയ നിരക്കിൽ കാറിന്റെ തന്നെ രൂപ ഓട്ടോയും നൽകണം. കൂടുതൽ വരുമാനം ഉള്ള സ്റ്റേഷനുകൾക്ക് പുറമെ പാർക്കിംഗ് നിരക്ക് കൂട്ടിയത് കൊണ്ട് തന്നെ, വർദ്ധനയ്ക്ക് ഏകീകരണ സ്വഭാവമില്ലെന്ന് ആക്ഷേപമുണ്ട്. കരാറുകാർക്ക് തോന്നുന്ന നിരക്കാണ് ഈടാക്കുന്നത് എന്ന പരാതിയും കുറവല്ല. ഈ മാസം ഒന്നിന് ആണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നത്. എന്നാൽ നിരക്ക് വർദ്ധന യാത്രക്കാരെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാണ് എന്നാണ് റെയിൽവേയുടെ വിശദീകരണം.