തിരുവനന്തപുരം ഫോര്‍ട് സ്കൂളിലെ പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി പങ്കെടുത്തതില്‍ സ്കൂളിലെ പ്രധാനാധ്യാപകന്‍ വീഴ്ച സമ്മതിച്ചതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. മന്ത്രിയെ നേരിട്ട് കണ്ടാണ് വിശദീകരിച്ചത്. മുകേഷ് എം.നായരെ ക്ഷണിച്ചത് ജെ.സി.ഐയാണെന്നും മുകേഷ് കേസിലെ പ്രതിയാണെന്ന് അറിയില്ലെന്നുമാണ് വിശദീകരണം. ഉപവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് നാളെ മന്ത്രിക്ക് ലഭിക്കും. അതിന് ശേഷം നടപടി തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
പോക്സോ കേസ് പ്രതി മുകേഷ് എം.നായര്‍ തിരുവനന്തപുരം ഫോര്‍ട്ട് സ്കൂളിലെ പ്രവേശനോത്സവത്തില്‍ മുഖ്യഅതിഥിയായി എത്തിയതില്‍ പ്രധാനാധ്യാപകന് ഗുരുതര വീഴ്ച ഉണ്ടായി എന്നായിരുന്നു നേരത്തെ വിദ്യാഭ്യാസ വകുപ്പിന്‍റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. പശ്ചാത്തലം അറിയാതെയാണ് മുകേഷ് നായരെ ക്ഷണിച്ചതെന്നും മാപ്പുചോദിക്കുന്നുവെന്നും പരിപാടിയുടെ സഹസംഘാടകരായ ജൂനിയര്‍ചേംബര്‍ മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു.