elsa-ship-loss

കേരള തീരത്ത് മുങ്ങിയ ചരക്കുകപ്പലുമായി ബന്ധപ്പട്ട് ലഭ്യമായ എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിക്കണമെന്ന് ഹൈക്കോടതി. കപ്പലിൽ ഉണ്ടായിരുന്ന കാർഗോ,  കടലിൽവീണ വസ്തുക്കൾ, സമുദ്ര ആവാസ വ്യവസ്ഥയ്ക്കും ജീവികൾക്കും ഏൽപ്പിക്കുന്ന ആഘാതം തുടങ്ങിയവ അറിയിക്കണമെന്നാണ് നിർദ്ദേശം. സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലും വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു.‍

ജനജീവിതത്തെ ബാധിക്കുന്നതാണ് കപ്പലപകടമെന്നും, വിവരങ്ങൾ അറിയാൻ ജനങ്ങൾ അവകാശമുണ്ടെന്നും വ്യക്തമാക്കിയാണ് കോടതിയുടെ നടപടി. എംഎസ്‌സി എൽസ 3 എന്ന കപ്പൽ മുങ്ങിയതുമായി ബന്ധപ്പട്ട് ലഭ്യമായ എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് നിഥിൻ ജംദാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റെ നിർദ്ദേശം. കപ്പൽ അപകടം, കപ്പലിൽ ഉണ്ടായിരുന്ന കാർഗോ, കപ്പലിൽ നിന്നു കടലിൽവീണ വസ്തുക്കൾ സമുദ്ര ആവാസ വ്യവസ്ഥയ്ക്കും ജീവികൾക്കും ഏൽപ്പിക്കുന്ന ആഘാതം തുടങ്ങിയവയെ സംബന്ധിച്ച് ലഭ്യമായ വിവരങ്ങൾ അറിയിക്കണം. സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലും വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണം. കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

കപ്പൽ മുങ്ങിയതിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കപ്പൽ അപകടവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവരങ്ങൾ‍ പുറത്തുവിടുമെന്നും സർക്കാർ വ്യക്തമാക്കി. അപകടത്തെ തുടര്‍ന്നുള്ള പരിസ്ഥിതി ആഘാതം പരിശോധിച്ചോയെന്ന് ഹൈക്കോടതി ചോദിച്ചു. രണ്ടാഴ്ചക്ക് ശേഷം ഹർജി കോടതി വീണ്ടും പരിഗണിക്കും. കപ്പൽ അപകടത്തെ തുടർന്നുള്ള മാലിന്യം നീക്കാൻ നടപടി സ്വീകരിക്കണമെന്നും, മത്സ്യ തൊഴിലാളികൾക്കായി നഷ്ടപരിഹാര - പുനരധിവാസ പദ്ധതി നടപ്പാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.

ENGLISH SUMMARY:

The Kerala High Court has directed authorities to publicly disclose all details related to the cargo ship that sank off the Kerala coast. This includes information about the cargo onboard, materials lost at sea, and the potential environmental impact on marine ecosystems. The court also instructed that this data be published on the official government website to ensure transparency and public awareness.