കാസർകോട് മുളിയാർ പഞ്ചായത്ത് തൊഴിലുറപ്പ് ഓവർസിയർ നിയമനത്തിൽ കള്ളക്കളി. സിപിഎം ഏരിയ കമ്മിറ്റി നേതാവിന്റെ മകന് എല്ലാ ചട്ടങ്ങളും മറികടന്ന് ഇൻറർവ്യൂവിൽ ഒന്നാം റാങ്ക് നൽകി. 9 വർഷം പരിചയമുള്ളവരെ തഴഞ്ഞും, നിയമനം സ്റ്റീയറിങ് കമ്മിറ്റിയിൽ വയ്ക്കാതെയുമാണ് സിപിഎം ഭരണസമിതി ബന്ധു നിയമനത്തിന് ശ്രമിച്ചത്.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഓവർസിയർ നിയമനത്തിനായി കഴിഞ്ഞ മാസം 24നാണ് മുളിയാർ പഞ്ചായത്ത് അഭിമുഖം നടത്തിയത്. മുൻ പരിചയവും ഡിപ്ലോമയുമാണ് യോഗ്യത. സിപിഎം നിയന്ത്രിക്കുന്ന ഭരണസമിതിയുടെ ഇൻറർവ്യൂ ബോർഡിൽ മുളയാർ പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് ജോയിൻറ് ബിഡിഒ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരാണ് ഉണ്ടായിരുന്നത്. 15ന് മുകളിൽ ആളുകൾ ഇൻറർവ്യൂവിൽ പങ്കെടുത്തു. എന്നാൽ ഫലം വന്നപ്പോൾ 9 വർഷത്തിലധികം പ്രവർത്തി പരിചയമുള്ളവരെ പിന്തള്ളി സിപിഎം ഏരിയാ കമ്മിറ്റി നേതാവിന്റെ മകന് ഒന്നാം സ്ഥാനം.
ചട്ടപ്രകാരം പ്രസിഡൻറ് വൈസ് പ്രസിഡൻറ് 3 സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്ന സ്റ്റിയറിങ് കമ്മറ്റി യോഗത്തിലാണ് നിയമനം നൽകേണ്ടത്. എന്നാൽ ഇത് മറികടന്ന് സിപിഎം നേതാവിന്റെ മകനെ ഒരു വർഷത്തേക്ക് നിയമിക്കാനായിരുന്നു നീക്കം. കള്ളക്കളി പുറത്തുവന്നതോടെ ഇൻറർവ്യൂ റദ്ദാക്കി തടിതപ്പാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.