ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഒളിച്ചുകളി തുടര്‍ന്ന് സര്‍ക്കാര്‍. ചലച്ചിത്ര നയരൂപീകരണ സമിതിക്ക് അധ്യക്ഷന്‍ പോലുമില്ലാത്ത അവസ്ഥയില്‍. സിനിമ കോണ്‍ക്ളേവ് ഒമ്പത് മാസമായി നീട്ടിക്കൊണ്ടുപോവുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് സര്‍ക്കാര്‍ അനധികൃതമായി വെട്ടിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതിലും തീരുമാനമില്ല.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ രണ്ട് തരം നടപടികളാണ് പ്രഖ്യാപിച്ചിരുന്നത്. ഒന്ന് പരാതികളില്‍ കേസെടുത്തുള്ള അന്വേഷണം , രണ്ട്, പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ സിനിമ കോണ്‍ക്ളേവും ചലച്ചിത്ര നയരൂപീകരണവും. റിപ്പോര്‍ട്ട് പുറത്തുവന്നതിന്‍റെ പിറ്റേദിവസം മുഖ്യമന്ത്രി ഇതെല്ലാം പ്രഖ്യാപിച്ചു. റിപ്പോര്‍ട്ട് പുറത്തുവന്ന് 9 മാസമായിട്ടും ഒന്നും നടന്നില്ല. നവംബറില്‍ നടത്താനിരുന്ന സിനിമ കോണ്‍ക്ളേവ് ആറ് മാസമായി മാറ്റിവെച്ച് നീട്ടുകയാണ്. ഇന്നലെ വീണ്ടും മന്ത്രി പറഞ്ഞു, എല്ലാം അടുത്തമാസം ഈ പറഞ്ഞതും നടക്കുമോയെന്ന് കണ്ടറിയണം. സിനിമാ കോണ്‍ക്ളേവ് നടത്തേണ്ട നയരൂപീകരണ സമിതിയുടെ അധ്യക്ഷന്‍ ഷാജി എന്‍.കരുണായിരുന്നു. അദേഹത്തിന്‍റെ വേര്‍പാടിന് ശേഷം പകരക്കാരനെ നിയോഗിച്ചിട്ടില്ല. ഒരുക്കങ്ങളൊന്നും തുടങ്ങിയിട്ടുമില്ല.
സ്ത്രീകളെ ചൂഷണം ചെയ്തതില്‍ അതിപ്രശസ്തന്‍ വരെയുണ്ടെന്ന് പറയുന്ന പാരഗ്രാഫിന് ശേഷമുള്ള ഭാഗങ്ങളാണ് , റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് മറികടന്ന് സര്‍ക്കാര്‍ വെട്ടിയത്. ഡിസംബര്‍ 6ന് ആ ഭാഗങ്ങളും പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷന്‍ വീണ്ടും തീരുമാനിച്ചിരുന്നെങ്കിലും അവസാനനിമിഷം വീണ്ടും വെട്ടുവീണു. പിന്നീട് ഇതുവരെ ആ പേജുകള്‍ പുറത്തുവന്നിട്ടില്ല.