കലണ്ടര്‍ പ്രകാരമുള്ള നാളത്തെ (വെള്ളി) ബക്രീദ് അവധി ശനിയാഴ്ചയിലേക്കു മാറ്റി സംസ്ഥാന സര്‍ക്കാര്‍. നാളെ പ്രവര്‍ത്തിദിവസമായിരിക്കും. അതേസമയം നാളത്തെ അവധി ഒഴിവാക്കിയതിനെതിരെ മുസ്ലീം ലീഗും കോണ്‍ഗ്രസും രംഗത്തെത്തി.
ബക്രീദ് ശനിയാഴ്ചയായതുകൊണ്ട് അവധിയും അന്ന് മതിയെന്നാണ് സര്‍ക്കാറിന്റ നിലപാട്. സ്കൂളുകളും ഓഫിസുകളും വെള്ളിയാഴ്ച പ്രവര്‍ത്തിക്കും. മുന്‍കൂട്ടി പ്രഖ്യാപിച്ച അവധി അവസാനമണിക്കൂറുകളില്‍ മാറ്റിയതോടെ സ്കൂളുകളും ഓഫിസുകളും ആശയക്കുഴപ്പത്തിലായി. നാളെ (വെള്ളി) ക്ലാസുണ്ടെന്ന് കുട്ടികളെയും രക്ഷിതാക്കളേയും നേരിട്ടു വിളിച്ചു പറയുന്ന തിരക്കിലാണ് സ്കൂള്‍ അധികൃതര്‍. കലണ്ടറിലെ അവധി കണ്ട് മുന്‍കൂട്ടി നാട്ടിലേക്ക് പോയ ജീവനക്കാരും വെട്ടിലായി.
വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോട് ചേര്‍ന്നുള്ള പ്രധാന ദിവസവുമാണ്. ആയതിനാല്‍ അവധി ഒഴിവാക്കിയ നടപടി പിന്‍വലിക്കണമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു. എന്നാല്‍ അവധി വിവാദം അനാവശ്യമാണെന്ന് മന്ത്രി പി.രാജീവ് പ്രതികരിച്ചു.
വെള്ളിയും ശനിയും അവധി നല്‍കണമെന്ന് വിവിധ മുസ്‍ലിം സംഘടനകള്‍ നേരത്തെ സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നെങ്കിലും ഉച്ചയ്ക്കാണ് നാളെ (വെള്ളി) അവധിയുണ്ടാവില്ലെന്ന സര്‍ക്കാര്‍ അറിയിപ്പ് വന്നത്.