പാലക്കാട് അട്ടപ്പാടിയിൽ 150 കോടി മുടക്കിയുള്ള ജലജീവൻ മിഷൻ പദ്ധതിക്ക് ജീവനില്ലെന്നാണ് നാട്ടുകാരുടെ പരാതി. പണി തുടങ്ങി ആറു വർഷമായിട്ടും ഇഴഞ്ഞാണ് പ്രവൃത്തി നീങ്ങുന്നതെന്നും കുടിവെള്ളം ശേഖരിക്കേണ്ട ടാങ്കും പമ്പ് ഹൗസും കാട് മൂടി നശിക്കുന്നെന്നുമാണ് നാട്ടുകാരുടെ പരാതി.
അട്ടപ്പാടി താവളത്തെ കഴിഞ്ഞ ദിവസത്തെ ദൃശ്യമാണിത്. ജലജീവൻ പദ്ധതിയുടെ ട്രയൽറണിനിടെ പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകിയതാണ്. 150 കോടിയുടെ പദ്ധതിക്കെതിരെ നാട്ടുകാർ പരാതി ഉന്നയിച്ചു കൊണ്ടിരിക്കെയാണ് ഇങ്ങനെ ഒരു വീഴ്ചയുണ്ടായത്. 129 ഊരുകളിലേക്ക് വെള്ളമെത്തിക്കാനുള്ള പദ്ധതി ഇഴഞ്ഞു നീങ്ങുന്നെന്നാണ് നാട്ടുകാരുടെ ആരോപണം
ഏറ്റവും കൂടുതൽ ഊരുകളുള്ള പുതൂർ പഞ്ചായത്തിൽ പ്രവൃത്തി 30ശതമാനം പോലും പൂർത്തിയായില്ല. മറ്റിടങ്ങളിലും അതു തന്നെയാണ് സ്ഥിതി. കാവുണ്ടിക്കല്ല് ഭാഗത്ത് ടാങ്ക് നിർമാണം പൂർത്തിയായി 110 കെവി ഇലട്രിക് പോസ്റ്റ് ഇതിനായി സ്ഥാപിച്ചെങ്കിലും വൈദ്യുതി ബന്ധം സ്ഥാപിക്കാനുമായില്ല. അതിനിടെ പദ്ധതിക്ക് പൈപ്പിടാൻ പുത്തൻ റോഡുകൾ കുത്തിപ്പൊളിച്ചതിൽ നാട്ടുകാർക്കിടയിൽ വലിയ അമർഷവും ഉയരുന്നുണ്ട്. വേഗത്തിൽ, കുറ്റമറ്റതായ രീതിയിൽ പ്രവൃത്തി പൂർത്തിയാക്കിയില്ലെങ്കിൽ ജനകീയ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.