ബിരിയാണി ഉള്‍പ്പെടെ പുതിയ ഭക്ഷണ മെനു നടപ്പാക്കുന്നതില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് ആശങ്ക. ഭക്ഷണത്തിനായി സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് പുതിയ മെനുവിന് തികയില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. മെനു മാറ്റം നല്ലതാണെങ്കിലും അത് ഫലപ്രദമായി നടപ്പാക്കാന്‍ തുക വര്‍ധിപ്പിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നു.
തിരുവനന്തപുരം കോര്‍പറേഷന് കീഴില്‍ സമാന്യം ഭേദപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ് കാട്ടായിക്കോണത്തെ ഈ അങ്കണവാടി. 33 കുട്ടികളുണ്ട്. നിലവില്‍ തന്നെ ആഴ്ചയില്‍ രണ്ട് ദിവസം മുട്ട ബിരിയാണി നല്‍കുന്നുണ്ട്. ഒരു ദിവസം കൂടി നല്‍കുന്നതില്‍ സന്തോഷമേയുള്ളൂ എന്ന് ജീവനക്കാര്‍. മെനുവില്‍ വന്ന മാറ്റങ്ങളെയെല്ലാം ഇവര്‍ സ്വഗതം ചെയ്യുന്നു. പക്ഷെ, ഒരു പ്രശ്നമുണ്ട്, പണം.
സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് തികയുന്നില്ലെങ്കില്‍ രണ്ട് മാര്‍ഗമുണ്ട്. ഒന്ന് വാര്‍ഡ് മെമ്പര്‍ ചെയര്‍മാനായ അംഗനവാടി മോണിറ്ററിങ് കമ്മറ്റി പൊതു ജനങ്ങളില്‍ നിന്ന് പണം കണ്ടെത്തണം. മറ്റൊന്ന് അക്ഷയപാത്രം വഴി ലഭിക്കുന്ന സാധനങ്ങള്‍ ഉപയോഗിക്കണം. ഒരു കുട്ടിക്ക് അഞ്ച് രൂപയെന്ന നിലയില്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് തന്നെ കൃത്യമായി ലഭിക്കുന്നില്ല. നിലവില്‍ ഏപ്രില്‍, മേയ് മസങ്ങളിലേത് കുടിശികയാണ് . ഫണ്ട് ലഭിക്കുന്നതിലെ ഈ അസ്ഥിരതയും പുതിയ മെനു നടപ്പാക്കുന്നതിന് വെല്ലുവിളിയാണ്.