പത്തനംതിട്ടയിൽ കോന്നി ഡിവൈഎസ്പിയും സിഐയും സസ്പെൻഷനിൻ ആയ പോക്സോ അട്ടിമറിയിൽ സിഡബ്ല്യുസിക്കെതിരെയും ആഭ്യന്തര വകുപ്പ് അന്വേഷണ റിപ്പോർട്ട്. 16 വയസുകാരിയെ ബലാത്സംഗം ചെയ്ത ഹൈക്കോടതി അഭിഭാഷകനും കൂട്ടുപ്രതിയും സിഡബ്ല്യുസി ചെയർമാന്‍റെ ഓഫീസിലെത്തി കേസ് അട്ടിമറിക്കാൻ അതിജീവിതയ്ക്ക് മേൽസമ്മർദ്ദം ചെലുത്തി എന്നാണ് ആരോപണം. സ്വാധീനശ്രമങ്ങളെ എതിർത്തു തോൽപ്പിച്ചു എന്നാണ് സിഡബ്ല്യുസി ചെയർമാന്റെ നിലപാട്
16 വയസ്സുകാരിയെ യുഡിഎഫ് കാലത്തെ ഗവൺമെന്‍റ് പ്ലീഡറും ഹൈക്കോടതി അഭിഭാഷകനുമായ നൗഷാദ് തോട്ടത്തിൽ അതിക്രൂരമായി പീഡിപ്പിച്ച കേസിലാണ് സിഡബ്ല്യുസിയുമായി ബന്ധപ്പെട്ട അട്ടിമറി ശ്രമവും പുറത്തുവരുന്നത്. കുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ മൂന്നരമാസത്തിലധികം കേസ് എടുക്കാതെ അട്ടിമറിച്ചതിനാണ് കോന്നി ഡിവൈഎസ്പി രാജപ്പൻ റാവുത്തറേയും സിഐ ശ്രീജിത്തിനെയും സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ ഉത്തരവിലാണ് സിഡബ്ല്യുസിക്കെതിരെയും ഗുരുതര കണ്ടെത്തൽ.
കഴിഞ്ഞ ഡിസംബറിൽ പെൺകുട്ടിയെ സിഡബ്ല്യുസി നിർഭയ കേന്ദ്രത്തിലാക്കിയിരുന്നു. അതിനിടെ ഒന്നാം പ്രതിയായ നൗഷാദും രണ്ടാംപ്രതിയായ ബന്ധുവും സിഡബ്ല്യുസി ചെയർമാന്‍റെ ഓഫീസിലെത്തി. കേസ് അട്ടിമറിക്കാൻ ചർച്ച നടത്തി എന്നാണ് സംശയം. ഇരയായ പെൺകുട്ടി ശക്തമായ നിലപാടെടുത്തതോടെയാണ് പരാതി നീങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റിൽ പിതാവ് പരാതി നൽകിയെങ്കിലും പീഡനം നടന്നിട്ടില്ലെന്ന് പെൺകുട്ടി നിലപാട് എടുത്തു. ഡിസംബറിൽ ആണ് പെൺകുട്ടി ചൈൽഡ് ഹെല്പ് ലൈനിൽ സഹായം തേടിയത്. തുടർന്നാണ് കോന്നി പൊലീസ് കേസെടുത്ത് ആറന്മുളയ്ക്ക് കൈമാറിയത്.
ഒന്നാംപ്രതിയുടെ ഉൾപ്പെടെ ഫോൺവിളി രേഖകൾ പരിശോധിച്ചാണ് അട്ടിമറിനീക്കം ആഭ്യന്തര വകുപ്പ് കണ്ടെത്തിയത്. സസ്പെൻഷനിലായ പൊലീസുകാർക്കും സിഡബ്ല്യുസി അധികൃതർക്കുമെതിരെ കേസ് എടുക്കണമെന്ന് കോൺഗ്രസ് നിലപാട്.
കടുത്ത അതൃപ്തിയിലാണ് സിഡബ്ല്യുസി. ഒന്നാംപ്രതിയും ഭാര്യയും കൂട്ടുപ്രതിയും ഓഫീസിലെത്തി കണ്ടിരുന്നുവെന്ന് ചെയർമാൻ സമ്മതിക്കുന്നു . ഒത്തുതീർപ്പ് പരാജയപ്പെടുത്തി അവരെ ഓഫിസിൽ നിന്ന് ഇറക്കിവിട്ടെന്നാണ് വിശദീകരണം. മാതാപിതാക്കളുടെ വിവാഹമോചന കേസുമായി ബന്ധപ്പെട്ടാണ് എറണാകുളം തമ്മനം സ്വദേശിയായ അഭിഭാഷകൻ നൗഷാദ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. അച്ഛന്‍റെ സഹോദരിയാണ് പീഡനത്തിന് കൂട്ടുനിന്നത്. കോഴഞ്ചേരിയിലെ പ്ലാസ ഹോട്ടലിൽ ആയിരുന്നു ആദ്യ പീഡനം. അഞ്ചുമാസമായി ഒളിവിലുള്ള അഭിഭാഷകന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. പിടികിട്ടിയിട്ടും പൊലീസ് വിട്ടുകളഞ്ഞതാണെന്ന ആരോപണമുണ്ട്