പോക്സോ കേസ് പ്രതി മുകേഷ് എം. നായരെ തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവത്തിന് മുഖ്യ അതിഥിയായി വിളിച്ചത് വിവാദമാകുന്നു. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വിശദീകരണം തേടി. സ്കൂളല്ല ക്ഷണിച്ചതെന്നും സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും ഹെഡ്മാസ്റ്റര്‍ ടി.എസ്.പ്രദീപ് കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവത്തിലാണ് വ്ളോഗര്‍ മുകേഷ് എം.നായര്‍ മുഖ്യാഥിതിയായി പങ്കെടുത്തത്. പ്രസംഗവും നടത്തി കുട്ടികള്‍ക്ക് ഉപഹാരങ്ങളും കൈമാറി അദ്ദേഹം പോയതിന് പിറകെയാണ് പോക്സോകേസ് പ്രതി എങ്ങിനെ സ്കൂളിലെ പ്രവേശനോത്സവത്തില്‍ മുഖ്യാഥിതിയാകുമെന്ന ചോദ്യം ഉയര്‍ന്നത്. സ്കൂളുകാര്‍ക്ക് മിണ്ടാട്ടമില്ല. ചടങ്ങില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യാനെത്തിയ ജൂനിയര്‍ചേബര്‍ ഇന്‍റര്‍നാഷണല്‍ എന്ന സംഘടനയാണ് മുകേഷ് എം.നായരെ ക്ഷണിച്ചതെന്നാണ് സ്കൂളധികൃതരുടെ വിശദീകരണം.
പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയെ നിര്‍ബന്ധിച്ച് വീഡിയോയില്‍ അഭിനയിപ്പിച്ചു, അവര്‍ക്ക് താല്‍പര്യമില്ലാത്ത വേഷം ധരിക്കാന്‍നിര്‍ബന്ധിച്ചു , വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു എന്നീപരാതികളിലാണ് കോവളം പൊലീസ് മുകേഷ് എം. നായര്‍ക്കെതിരെ പോക്സോ കേസെടുത്തത്. കോടതി പിന്നീട് ജാമ്യം നല്‍കി. ഏതായാലും ഫോര്‍ട്ട് സ്കൂളിലെ അധ്യാപകര്‍ക്കോ, രക്ഷാകര്‍തൃ സംഘടനക്കോ ചടങ്ങിന്‍റെ സഹസംഘാടകരായ ജൂനിയര്‍ചേബറിനോ പോക്സോ കേസിനെ കുറിച്ച് അറിയില്ലായിരുന്നു എന്നത് വിശ്വാസ്യയോഗ്യമല്ല. തിരുവനന്തപുരം ജില്ലാ ഉപവിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും വിദ്യാഭ്യാസ വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിക്കുക.