പൊലീസ് മേധാവിയാകാനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കാനായി ഐ.പി.എസ് തലപ്പത്ത് തമ്മിലടി മുറുകുന്നു. പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ചവര്‍ക്കെതിരെ യു.പി.എസ്.സി യിലേക്ക് പരാതിപ്രളയം. മനോജ് എബ്രഹാമിനെതിരെ ഹൈക്കോടതിയിലെത്തിയ പരാതിക്ക് പിന്നിലും ഡി.ജി.പി കസേര മോഹിക്കുന്നവരെന്ന് സംശയം. രണ്ടാഴ്ചക്കുള്ളില്‍ അന്തിമപട്ടിക തയാറാകും.
അടുത്ത പൊലീസ് മേധാവിയാരെന്ന ചോദ്യത്തിന് ഉത്തരമാകാന്‍ ഇനി മൂന്നാഴ്ച മാത്രമേയുള്ളു. നിതിന്‍ അഗര്‍വാള്‍, രവാഡാ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത്, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം.ആര്‍.അജിത്കുമാര്‍ എന്നിവരാണ് അവസാനപോരാട്ടത്തിലുള്ളത്. യു.പി.എസ്.സി തയാറാക്കുന്ന മൂന്നംഗ പട്ടികയില്‍ ഇടംപിടിക്കുകയാണ് ആദ്യകടമ്പ. അതുകൊണ്ട് മുന്നിലുള്ളവരെ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ ആരോപണങ്ങളുടെയും പരാതികളുടെയും കെട്ടഴിക്കുകയാണ്. മനോജ് എബ്രഹാമിനെ പട്ടികയിലേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് സ്വകാര്യവ്യക്തി ഇന്നലെ ഹൈക്കോടതിയെ സമീപിച്ചു. എം.ആര്‍.അജിത്കുമാറിനെതിരെ ആരോപണങ്ങളുയര്‍ന്ന സമയത്ത് അദേഹത്തെ അനുകൂലിച്ച് വാദിച്ചിരുന്നയാളാണ് ഹര്‍ജി നല്‍കിയത്.
അതുകൊണ്ട് തന്നെ ഹര്‍ജിക്ക് പിന്നില്‍ അജിത്കുമാര്‍ അനുകൂലികളെന്നാണ് പൊലീസിലെ സംസാരം. മനോജ് ഉള്‍പ്പടെ പട്ടികയിലെ മൂന്ന് പേരെ അയോഗ്യരാക്കിയാല്‍ മാത്രമേ ആറാം സ്ഥാനത്തുള്ള അജിത്കുമാറിന് സാധ്യതയുള്ളു. ഒന്നാം തീയതി മുതല്‍ പതിനഞ്ചാം തീയതി വരെ അവധിയെടുത്ത അജിത്കുമാര്‍, ഡല്‍ഹിക്ക് പോയത് രാഷ്ട്രീയസ്വാധീനം ചെലുത്താനെന്ന ആക്ഷേപവും ശക്തമാണ്. നിതിന്‍ അഗര്‍വാളിനെതിരെ മൂന്ന് പരാതികളാണ് യു.പി.എസ്.സിക്ക് ലഭിച്ചത്.
ഇതുകൂടാതെ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള രവാഡയേയും പുരോഹിതിനേയും പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടും യു.പി.എസ്.സിക്ക് അഞ്ജാത പരാതികളെത്തി. ഇരുപതാം തീയതിക്ക് മുന്‍പ് അന്തിമപട്ടിക തയാറാക്കാനുള്ള യു.പി.എസ്.സി യോഗം നടക്കും. അവര്‍ തയാറാക്കുന്ന മൂന്ന് പേരില്‍ നിന്നൊരാളെ മുഖ്യമന്ത്രിക്ക് ഡി.ജി.പിയായി തിരഞ്ഞെടുക്കാം.