വ്യാജ മാല മോഷണക്കേസിൽ ഇരയാക്കപ്പെട്ട ബിന്ദുവിന്റെ മൊഴി രേഖപ്പെടുത്തി പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ 20 മണിക്കൂർ ക്രൂര പീഡനങ്ങൾക്ക് ഇരയാക്കിയെന്ന് ബിന്ദു മൊഴി നല്കി. സത്യം ജയിക്കുമെന്ന് കണ്ണീരോടെ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
കുടിക്കാൻ ഒരല്പ്പം വെള്ളം പോലും നല്കാതെ മാനസികമായി പീഡിപ്പിച്ച പേരൂർക്കട പൊലീസിന്‍റെ ക്രൂരതകളാണ് ബിന്ദു ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് വിവരിച്ചത്. പത്തനംതിട്ട ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരനാണ് ബിന്ദുവിന്റെ മൊഴി രേഖപ്പെടുത്തിയത്. ബിന്ദു പരാതിയിൽ പറഞ്ഞ നിലവിൽ സസ് പെൻഷനിലുള്ള എസ് ഐഎസ്ജി പ്രസാദ് , എഎസ്ഐ പ്രസന്നനൻ എന്നിവർക്കെതിരെ ബിന്ദു മൊഴി നല്കി.
ഏപ്രിൽ 23 നാണ് കവടിയാറിലെ ഓമന ഡാനിയേലിന്‍റെ വീട്ടു ജോലിക്കാരിയായിരുന്ന ബിന്ദുവിനെ വീട്ടുടമസ്ഥയുടെ താലിമാല മോഷ്ടിച്ചെന്ന പരാതിയിൽ കസ്റ്റഡിയിൽ എടുക്കുന്നത്. ചട്ടം ലംഘിച്ച് അനധികൃത കസ്റ്റഡിയിൽ വയ്ക്കുകയും മോഷണം നടന്നെന്ന് ഉറപ്പാക്കാതെ രാത്രിയിൽ തെളിവെടുപ്പിനായി വീട്ടിലെത്തിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ കാണാതായ മാല പരാതിക്കാരിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തുകയായിരുന്നു. മാല കിട്ടിയിട്ടും ബിന്ദുവിനോട് ആ വിവരം പറയാതെ പരാതിക്കാരിയുടെ ഔദാര്യത്തിൽ വിട്ടയക്കുന്നു എന്നു പറയുകയും നാട്ടിൽ കണ്ടു പോകരുതെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു പേരൂർക്കട പൊലീസ്.
സംഭവത്തേത്തുടർന്ന് എസ് എച്ച് ഒ ആർ ശിവകുമാറിനേയും സ്ഥലം മാറ്റി. പൊലീസുകാർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന അന്വേഷണം റിപ്പോർട്ട് അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായത്. ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ഏറ്റെടുത്തത്. ജൂലൈ 7 നകം റിപ്പോർട്ട് സമർപ്പിക്കണം.