കണ്ണൂര്‍ അഴീക്കോട് മീന്‍കുന്നില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ തിരയിൽപ്പെട്ടു കാണാതായി. വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ പ്രിനീഷ് (27), പട്ടാനൂർ കൊടോളിപ്രം അനന്ദ നിയലത്തിൽ ഗണേഷ് (28) എന്നിവരെയാണ് ഇന്ന് വൈകിട്ട് കാണാതായത്. തീരത്തെ പാറക്കെട്ടില്‍ നിന്ന് ഫോട്ടോയെടുത്ത ശേഷം കടലില്‍ നീന്തുമ്പോഴാണ് അപകടം.
യുവാക്കൾ തിരയിൽപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട കരയിലുണ്ടായിരുന്നവരും പരിസരവാസികളും അഗ്നിരക്ഷാ സേനയേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു. കോസ്റ്റ് പൊലീസും മുങ്ങല്‍വിദഗ്ധരും ഏറെ നേരം തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല. മീന്‍കുന്ന് ഭാഗത്ത് ശക്തമായ അടിയൊഴുക്കുള്ളതിനാല്‍ തിരച്ചില്‍ ദുഷ്കരമാണ്.