സെമി ഹൈസ്പീഡ് റയില്‍ പദ്ധതിക്കായി വീണ്ടും ശ്രമം. മുഖ്യമന്ത്രി പിണറായി വിജയന് നാളെ കേന്ദ്ര റയില്‍വേമന്ത്രി അശ്വിനി വൈഷ്ണവിനെ കാണും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് റയില്‍വേ മന്ത്രാലയത്തില്‍ വച്ചാണ് കൂടിക്കാഴ്ച. സില്‍വര്‍ ലൈനിന് ബദലായി ഇ.ശ്രീധരന് മുന്നോട്ടുവച്ച പദ്ധതിയാണ് സെമി ഹൈസ്പീഡ് റയില്‍. മറ്റന്നാളാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രി കാണുന്നത്.
കേരളത്തില്‍ ദേശീയപാത തകര്‍ന്നതും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതും അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത്.
അതിനിടെ, റയില്‍വേ വികസനത്തില്‍ കേരളത്തോട് അവഗണന എന്ന് ആരോപിച്ച് ജോണ്‍ ബ്രിട്ടാസ് എംപി റയില്‍വേ മന്ത്രിക്കും റയില്‍വേ ബോര്‍ഡ് ചെയര്‍മാനും കത്തയച്ചു. അങ്കമാലി – ശബരിമല, തിരുനാവായ – ഗുരുവായൂര്‍ റയില്‍വേ ലൈനുകള്‍ക്കായി 2025 - 26ല്‍ വകയിരുത്തിയ തുക നല്‍കണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.