പാലക്കാട് മുട്ടിക്കുളുങ്ങരയില്‍ മാലിന്യം കൊണ്ടുപോയ പഞ്ചായത്ത് ട്രാക്‌ടറില്‍നിന്നു ചാക്കുകെട്ടു വീണുണ്ടായ അപകടത്തില്‍ അധികൃതരുടെ ഭാഗത്തു നിന്നു കുറ്റകരമായ നിസംഗത തുടരുന്നു. ഗര്‍ഭിണിയായിരുന്ന അജീനക്ക് അപകടത്തിലൂടെ ഒരു കുഞ്ഞിനെ നഷ്‌ടപ്പെട്ടിട്ടും 9 ലക്ഷം രൂപ ബാധ്യതയുണ്ടായിട്ടും അധികൃതര്‍ ഒരു രൂപ പോലും നഷ്‌ടപരിഹാരം നല്‍കിയില്ല. മനോരമ ന്യൂസ് വാര്‍ത്തക്കു പിന്നാലെ അധികൃതരുടെ ഇടപെടലെങ്കിലും ഉണ്ടായി
കഴിഞ്ഞ ഫെബ്രുവരി 18 നായിരുന്നു അപകടം. പുതുപ്പരിയാരം പഞ്ചായത്തിന്‍റെ മാലിന്യം കൊണ്ടുവന്ന ട്രാക്‌ടറില്‍ നിന്ന് ഒരു ചാക്ക് നിലത്തു വീണു. അലക്ഷ്യമായി കൂട്ടിയിട്ടു കൊണ്ടുവന്നതാണ് അപകടത്തിനു ഹേതുവായത്. ഏഴു മാസം ഗര്‍ഭിണിയായിരുന്ന അജീനയും ഭര്‍ത്താവ് വിഷ്‌ണുവും ഇരുചക്രത്തില്‍ വരവേ ചാക്കില്‍ തട്ടി വീണു. രണ്ടുപേര്‍ക്കും പരുക്കേറ്റു. മാസം തികയാതെ പ്രസവിച്ചതിനു പിന്നാലെ ഒരു കുഞ്ഞ് മരിച്ചു. ഒരാള്‍ നിരീക്ഷണത്തിലാണ്. ബാധ്യത വന്നത് ഒമ്പതുലക്ഷത്തോളം രൂപ.
ഗുരുതര വീഴ്‌ചയായിട്ടും പഞ്ചായത്തോ അധികൃതരോ നഷ്ടപരിഹാരത്തിന്‍റെ കാര്യത്തില്‍ ഒന്നും ചെയ്‌തില്ല. എന്നാല്‍ മനോരമന്യൂസ് വാര്‍ത്തക്കു പിന്നാലെ ജനപ്രതിനിധികളുടെ ഭാഗത്തു നിന്നു ഇടപെടലുണ്ടായി. വലിയ സാമ്പത്തിക സഹായമൊന്നും വേണ്ട ചികില്‍സക്കു ചിലവായ തുക മാത്രം തന്ന് ദുരിതത്തില്‍ നിന്നു രക്ഷിക്കണമെന്നാണ് കുടുംബം പറയുന്നത്. ഇനിയാര്‍ക്കും ഇത്തരത്തിലൊരു ദുരിതം ഉണ്ടാവരുതെന്നും കുടുംബം പറയുന്നുണ്ട്.