kasargod-nh

കാസർകോട് ദേശീയപാതയിൽ വീണ്ടും വൻ വിള്ളൽ. പിലിക്കോട് കാർഷിക സർവകലാശാലയ്ക്ക് സമീപത്താണ് വലിയ വിള്ളൽ രൂപപ്പെട്ടത്. ഗതാഗതത്തിന് തുറന്നു കൊടുക്കാത്ത മേഖലയിലാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ വിള്ളൽ കണ്ടെത്തിയത്. 50 മീറ്ററോളം ദൂരത്തിലാണ് വിള്ളൽ. സിമൻറ് ഇട്ട് വിള്ളൽ അടയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ടാർ ഉപയോഗിച്ച് അടയ്ക്കുകയാണ് കരാർ കമ്പനി. ജനവാസ മേഖലയിൽ വലിയ തിരക്കുള്ള സർവീസ് റോഡിന് മുകളിലെ പാതയിൽ വിള്ളൽ കണ്ടെത്തിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. ALSO READ; കാസർകോട് ദേശീയപാതയിൽ വൻ ഗർത്തം; പെരുമഴയത്ത് കോൺക്രീറ്റിട്ട് റോഡ് അടച്ചു

ചട്ടഞ്ചാൽ ടൗണിനടുത്ത് ദേശീയപാതയിൽ വൻ ഗർത്തം രൂപപ്പെട്ടത് നാട്ടുകാര്‍ക്കിടയില്‍ ഭീതിയുളവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പിലിക്കോട് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. ദേശീയപാതയിലുണ്ടായ ഗര്‍ത്തം മണിക്കൂറുകൾക്കകം കോൺക്രീറ്റിട്ട് അടച്ചിരുന്നു. പെരുമഴയത്തായിരുന്നു ഇത്. സംഭവത്തില്‍ കലക്ടര്‍ നിര്‍മാണ കമ്പനിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. കലക്ടറുടെ അന്ത്യശാസനം നല്‍കിയപ്പോഴാണ് മേഘ കൺസ്ട്രക്ഷൻസ് റിപ്പോർട്ട് സമർപ്പിച്ചത്.

മലപ്പുറം കൂരിയാടും ദേശീയപാത തകര്‍ന്ന സംഭവമുണ്ടായിരുന്നു. വിഷയത്തില്‍  കര്‍ശന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് ദേശീയപാത അതോറിറ്റിയുടെ പ്രോജക്ട് ഡയറക്ടറെ സസ്പെന്‍ഡ് ചെയ്ത് സൈറ്റ് എന്‍ജിനീയറെ പിരിച്ചുവിട്ടിരുന്നു. കരാറുകാര്‍ക്ക് മാത്രമല്ല, ദേശീയപാത നിര്‍മാണ സമയത്ത് കൃത്യമായ പരിശോധന നടത്തുന്നതില്‍ ഉള്‍പ്പെടെ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച പറ്റിയെന്ന് ബോധ്യമായതോടെയാണ് മന്ത്രാലയം കര്‍ശന നടപടിയെടുത്തത്.  ഭാരം താങ്ങാന്‍ അടിത്തറയിലെ മണ്ണിന് കഴിയാത്തതാണ് ദേശീയപാത തകരാന്‍ കാരണം. നിര്‍മാണത്തിലെ അശാസ്ത്രീയത, മേല്‍നോട്ടക്കുറവ്, കരാര്‍ കമ്പനിക്കുണ്ടായ വീഴ്ച ഇവ കണക്കിലെടുത്താണ് എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടറെ സസ്പെന്‍ഡ് ചെയ്തത്. 

ENGLISH SUMMARY:

A major crack has reappeared on the Kasaragod National Highway near the Pilikkode Agricultural University. The crack was identified in a section that has not yet been opened to traffic, following recent rainfall. The fissure stretches for about 50 meters. Initial attempts to seal it using cement failed, prompting the contracting company to resort to using tar. The crack has formed on a part of the highway that runs above a busy service road in a residential area, causing concern among local residents.