കാസർകോട് ദേശീയപാതയിൽ വൻ ഗർത്തം. ചട്ടഞ്ചാൽ ടൗണിന് അടുത്താണ് ഗർത്തം രൂപപ്പെട്ടത്. മണിക്കൂറുകൾക്കകം പെരുമഴയത്ത് കോൺക്രീറ്റിട്ട് റോഡ് അടച്ചു. അതിനിടെ കളക്ടറുടെ അന്ത്യശാസനത്തിന് വഴങ്ങി നിർമ്മാണ കമ്പനി മേഘ കൺസ്ട്രക്ഷൻസ് റിപ്പോർട്ട് സമർപ്പിച്ചു.
ദേശീയപാത നിർമാണത്തിലെ അപാകതകൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള റിപ്പോർട്ടാണ് ജില്ലാ കലക്ടർ നിർമ്മാണ കമ്പനിയോട് ആവശ്യപ്പെട്ടത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന അവലോകന യോഗത്തിനുശേഷം ആയിരുന്നു റിപ്പോർട്ട് തേടിയത്. രാവിലെ 10 മണിക്ക് മുമ്പ് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും മേഘ കൺസ്ട്രക്ഷൻ കമ്പനി തയ്യാറായില്ല.
തുടർന്ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകാനും, കമ്പനിയെ കരിമ്പട്ടിക്കൽ പെടുത്താൻ ശുപാർശ ചെയ്യാനും ആലോചിച്ചതോടെയാണ് ഉച്ചയ്ക്ക് റിപ്പോർട്ട് എത്തിയത്. രണ്ടാം റീച്ചിന്‍റെ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും മൂന്നാം റീച്ചിന്‍റെ റിപ്പോർട്ട് നൽകിയിട്ടില്ല.
അതിനിടെ മേഘ കൺസ്ട്രക്ഷൻ കരാറെടുത്ത മേഖലയിൽ വീണ്ടും ഗർത്തം രൂപപ്പെട്ടു. ചട്ടഞ്ചാൽ ടൗണിനോട് ചേർന്നാണ് ദേശീയപാതയിൽ വൻ ഗർത്തം കണ്ടെത്തിയത്. ദേശീയപാതയിൽ പാലത്തിലേക്കുള്ള അപ്പ്രോച്ച് റോഡിൻറെ ഒരു വശമാണ് തകർന്നത്. മിനിറ്റുകൾക്കകം പെരുമഴയത്ത് കോൺക്രീറ്റ് ഇട്ട് അടക്കാൻ നിർമ്മാണ കമ്പനിയെത്തി, നാട്ടുകാർ തടഞ്ഞെങ്കിലും കണ്ണിൽ പൊടിയിട്ട് കമ്പനി മുങ്ങി. അടുത്ത മഴയിൽ മേഖല വീണ്ടും കുഴിക്കുമെന്ന് ഉറപ്പാണ്.