കാസര്‍കോട് ചാലിങ്കലില്‍ അനുമതിയില്ലാതെ മണ്ണുകടത്തി ദേശീയപാത നിര്‍മാണക്കമ്പനി. റവന്യൂ, ജിയോളജി വകുപ്പുകളുടെ അനുമതിയില്ലാതെയാണ് മണ്ണുകടത്തിയത്. മൂന്നേക്കറില്‍ ഇരുപതടിയോളം ആഴത്തില്‍ മണ്ണെടുത്തതിനാല്‍ സ്ഥലത്ത് വന്‍ വെള്ളക്കെട്ടാണ്. പ്രവര്‍ത്തങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്.
അതേസമയം, കാസർകോട് ദേശീയപാതയിൽ വീണ്ടും വൻ വിള്ളൽ. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന് സമീപത്താണ് വിള്ളൽ കണ്ടെത്തിയത്. അതിനിടെ ദേശീയപാത തകര്‍ച്ചയേക്കുറിച്ച് പഠിക്കാനെത്തിയ ദേശീയപാത അതോറിറ്റി ചെയര്‍മാന്‍, ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി.
ദേശീയപാതയിൽ നിർമ്മാണ പുരോഗമിക്കുന്ന പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിന് സമീപത്താണ് പുതിയ വിള്ളൽ രൂപപ്പെട്ടത്. ജനവാസ മേഖലയിൽ വൻ തിരക്കുള്ള സർവീസ് റോഡിന് മുകളിലാണ് ഈ വിള്ളൽ. 50 മീറ്ററോളം ദൂരത്തിലുള്ള വിളളൽ സിമന്റ് ഇട്ട് നികത്താൻ കഴിയാതെ വന്നതോടെ ടാർ ഉപയോഗിച്ച് അടച്ചിരിക്കുകയാണ് കരാർ കമ്പനി. വീണ്ടും മഴ കനത്താൽ എന്താകുമെന്ന് ആശങ്കയിലാണ് പ്രദേശവാസികൾ.
അതിനിടെ ദേശീയപാത തകര്‍ച്ചയേക്കുറിച്ച് പഠിക്കാനെത്തിയ ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. ദേശീയപാത പദ്ധതികളുടെ പുരോഗതി, പ്രധാന വെല്ലുവിളികള്‍, സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുക തുടങ്ങിയ വിഷയങ്ങൾ ചര്‍ച്ച ചെയ്യുതു. മറ്റന്നാൾ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തും. കേരളത്തില്‍ ദേശീയപാത തകര്‍ന്നതും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത് അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.