എംസി റോഡില്‍ കാലടി പാലത്തിലെ കുഴി ഇന്നലെ അര്‍ധരാത്രിയോടെ അടച്ചു. പാലത്തിലൂടെ സ്വകാര്യബസുകള്‍ സര്‍വീസ് പുനരാരംഭിച്ചു. ഇതുവഴിയുള്ള യാത്രക്കാര്‍ക്ക് ബസിറങ്ങി ഒരുകിലോമീറ്റര്‍ നടന്ന് മറ്റൊരു ബസില്‍ കയറേണ്ട അവസ്ഥയായിരുന്നു ഇതുവരെ. മനോരമ ന്യൂസ് ക്യാംപയിന്‍ 'കാലടിയിലെ കുഴിക്കെണി'യെത്തുടര്‍ന്നാണ് ഇപ്പോള്‍ നടപടി.
ഒരാഴ്ച മുന്‍പ് കാലടി പാലത്തിലെ കുഴിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുരുങ്ങി. കോട്ടയത്തുനിന്ന് തൃശൂരേക്ക് പോകുകയായിരുന്നു അദ്ദേഹം. ഗതാഗതക്കുരുക്കില്‍പെട്ട മന്ത്രിയുടെ വാഹനത്തിനടുത്തെത്തി റോഡിന്‍റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പ്രദേശവാസികളും മാധ്യമങ്ങളും മന്ത്രിയോട് നേരിട്ട് പരാതി പറയുകയുമുണ്ടായി.
കാറില്‍നിന്നിറങ്ങിയ മന്ത്രി പാലത്തിലെ കുഴികള്‍ പരിശോധിച്ചശേഷം എത്രയുംവേഗം പരിഹാരമുണ്ടാക്കാന്‍ പൊതുമരാമത്ത് സെക്രട്ടറിക്ക് നിര്‍ദേശവും നല്‍കിയിരുന്നു. അന്ന് രാത്രി തന്നെ പാലത്തില്‍ ചില അറ്റകുറ്റപ്പണികള്‍ നടന്നു. ഇന്നലെ രാത്രിയോടെ റോഡിലെ കുഴികള്‍ പൂര്‍ണമായും അടച്ചു.