കൊല്ലം പന്മനയെ കണ്ണീർ കടലിലാക്കി സ്കൂൾ പ്രവേശനത്തിന് കാത്തിരുന്ന നാലര വയസുകാരി ആഷികയുടെ മരണം. ഇന്നു എൽ.കെ.ജിയിൽ പ്രവേശിക്കാനിരിക്കെയാണ് ഇന്നലെ അമ്മ വീടിനു മുന്നിലുള്ള ഓടയിൽ വീണ് ആഷിക മരിച്ചത്. കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ അനീഷ്, രശ്മി ദമ്പതികളുടെ മകളാണ് നാലര വയസ്സുകാരി.
കൊല്ലം പന്മന വടുതലയിലെ മാതൃവീടിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം. ഓടയിലേക്ക് ജലം ഒഴുകിവരുന്ന സ്ഥലത്ത് കളിക്കുന്നതിനിടെ കുട്ടി കാൽ വഴുതി വീഴുകയായിരുന്നു. 200 മീറ്ററോളം കുഞ്ഞ് വെള്ളത്തിൽ ഒഴുകിപ്പോയി. പ്രദേശവാസികൾ കുഞ്ഞിനെ പുറത്തെടുത്ത് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ കുറച്ചു നാളുകളായി പന്മനയിലെ അമ്മയുടെ വീട്ടിലായിരുന്നു കുട്ടി. സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാനിരിക്കെയായിരുന്നു അപകടം. മകളുടെ സ്കൂൾ പ്രവേശനത്തിനുള്ള സാധനങ്ങൾ വാങ്ങാനായി മാതാപിതാക്കൾ കടയിൽ പോയ സമയത്താണ് അപകടമുണ്ടായത്.