vizhinjam-rscue

TOPICS COVERED

വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട് മല്‍സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കടലില്‍പ്പെട്ട മല്‍സ്യത്തൊഴിലാളികളെ നാട്ടിലെത്തിച്ചു. രണ്ട് വള്ളങ്ങളിലായി മീന്‍പിടിക്കാനിറങ്ങിയ എട്ടുപേരാണ് മൂന്നാം നാളില്‍ സുരക്ഷിത തീരമണിഞ്ഞത്. തെക്കന്‍ ജില്ലകളില്‍ പലയിടത്തും കഴിഞ്ഞദിവസങ്ങളില്‍ നഷ്ടപ്പെട്ട വൈദ്യുതിബന്ധം ഇപ്പോഴും പുനസ്ഥാപിക്കാനായിട്ടില്ല.

വിഴിഞ്ഞം സ്വദേശി ലാസറിന്‍റെ ഉടമസ്ഥതയിലുള്ള ഫാത്തിമ മാതാ വള്ളത്തിലുണ്ടായിരുന്ന ജോണി, ജോസഫ്, മുത്തപ്പന്‍, മത്യാസ് എന്നിവരെയാണ് പുലര്‍ച്ചയോടെ നാട്ടിലെത്തിച്ചത്. തമിഴ്നാട് കുളച്തലിന് സമീപം തകര്‍ന്ന വള്ളത്തില്‍ കയറി ഇരിക്കുമ്പോഴാണ് തമിഴ്നാട്ടില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികള്‍ ഇവരെ കണ്ടതും രക്ഷിച്ചതും. സഹായ മാതാ വള്ളത്തില്‍ പോയ മറ്റ് നാല് മല്‍സ്യത്തൊഴിലാളികളെ കഴിഞ്ഞദിവസം വൈകീട്ട് രക്ഷപ്പെടുത്തി വീടുകളിലേക്ക് എത്തിച്ചിരുന്നു. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ മഴയൊഴിഞ്ഞ തെളിഞ്ഞ കാലാവസ്ഥയാണ്. നെയ്യാര്‍ ഡാമിന്‍റെ നാല് ഷട്ടറുകളും പത്തനംതിട്ട മൂഴിയാര്‍ ഡാമിന്‍റെ ഒരു ഷട്ടറും തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്ന നടപടി തുടരുകയാണ്. മലയോര മേഖലയില്‍ ഉള്‍പ്പെടെ മരം വീണ് തടസപ്പെട്ട വൈദ്യുതിബന്ധം പുനസ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. 

ENGLISH SUMMARY:

Eight fishermen who went fishing from Vizhinjam and faced a boat capsizing incident in the sea have safely returned to shore on the third day. They were aboard two boats. Meanwhile, in several southern districts, electricity connections lost during recent weather events are yet to be restored.