നാളെ തുടങ്ങുന്ന അധ്യയന വര്‍ഷം സ്കൂളുകളെ കുഴക്കാന്‍ പോകുന്നത് പുത്തന്‍സ്കൂള്‍ കലണ്ടറായിരിക്കും. എല്‍.പി മുതല്‍ ഹൈസ്കൂള്‍വരെയുള്ള ക്ളാസുകള്‍ വിവിധ സമയത്ത് തുടങ്ങുന്നതും അവസാനിക്കുന്നതും ചില്ലറ പ്രശ്നമല്ല സൃഷ്ടിക്കുക. അധ്യാപകര്‍തന്നെ പ്രശ്ന പരിഹാരം കണ്ടെത്തട്ടെ എന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്.
വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള പഠന മണിക്കൂറുകള്‍ നല്‍കണം എന്ന കോടതിയുടെ കര്‍ശന നിര്‍ദേശം വന്നതോടെയാണ് തിടുക്കത്തില്‍ 2025–26 വര്‍ഷത്തെ അക്കാദമിക്ക് കലണ്ടറിന് രൂപം നല്‍കിയത്. കേസിനും കൂട്ടത്തിനും പോയി പ്രശ്നം സൃഷ്ടിച്ചത് പ്രതിപക്ഷ അധ്യാപക സംഘടനകളാണെന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറയുന്നത്.
വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഹൈസ്കൂൾ ക്ലാസുകൾ അരമണിക്കൂർ സമയം കൂട്ടി. തുടർച്ചയായ അഞ്ചാമത്തെ വർക്കിംഗ് ഡേ അല്ലാത്ത ആറ് ശനിയാഴ്ചകളും കൂട്ടിച്ചേർത്ത് 204 അധ്യയന ദിവസങ്ങളും 1100 പഠന മണിക്കൂറുകളും ഹൈസ്ക്കൂള്‍ കുട്ടികൾക്ക് ലഭിക്കും. 1000 പഠന മണിക്കൂറുകളാണ് യുപിയിൽ ഉണ്ടാകുക. തുടർച്ചയായ അഞ്ചാമത്തെ വർക്കിംഗ് ഡേ അല്ലാത്ത രണ്ട് ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി 200 അധ്യയന ദിവസങ്ങൾ യുപിയിലുണ്ടാകും. 198 അധ്യയന ദിവസങ്ങളും 800 പഠന മണിക്കൂറുകളുമാണ് എല്‍.പി കുട്ടികൾക്ക് കിട്ടുക. എല്‍.പി മുതല്‍ ഹൈസ്ക്കൂള്‍വരെയുള്ള സ്കൂളുകളില്‍ ഇത് പ്രയോഗിക പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സ്കൂള്ബസ്സിന്‍റെ സമയം, എത്രട്രിപ്പുകള്‍വേണം. എന്നു തുടങ്ങി സ്കൂള്‍ അസംബ്ളിയുടെ നടത്തിപ്പു വരെ പുനക്രമീകരിക്കണം ചുരുക്കത്തില്‍ സ്ക്കൂള്‍ തുറക്കുമ്പോള്‍ കലണ്ടര്‍ നടപ്പാക്കാന്‍ അധ്യാപകര്‍ നന്നേപാടുപെടും എന്നു വ്യക്തം.