സംസ്ഥാനത്ത് ഇന്ന് മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. നാലു ജില്ലകളിൽ യെലോ അലർട്ട് നിലവിലുണ്ട്. ആലപ്പുഴ,എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മറ്റുജില്ലകളിൽ മിതമായ മഴക്ക് സാധ്യതയുണ്ട്. ഇന്നലെ ഉച്ചമുതൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ആലപ്പുഴ ജില്ലയിൽ മഴക്കെടുതികൾ തുടരുന്നു. കുട്ടനാട്ടിൽ ആറുകളിലും തോടുകളിലും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽ ഉയർന്നു തന്നെ നിൽക്കുകയാണ്. കുട്ടനാടിനെ മുക്കിയ വെള്ളപ്പൊക്കം ജനജീവിതത്തെ ബാധിച്ചു. വീടുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുന്നു . റോഡുകളും ഗ്രാമീണ പാതകളും  മുങ്ങിയിരിക്കുകയാണ്. 

കുട്ടനാട്ടിലെത്തിയ അധിക ജലം  തോട്ടപ്പള്ളി പൊഴി മുഖം വഴി കടലിലേക്ക് നന്നായി  ഒഴുകുന്നുണ്ട്. തോട്ടപ്പള്ളി പൊഴി മുറിക്കാൻ വൈകിയതിനെതിരെ പ്രതിഷേധം ശക്തമാണ്. ജില്ലയിൽ ഇന്നലെ മൂന്നു വീടുകൾ പൂർണമായും 97 വീടുകൾ ഭാഗികമായും തകർന്നു. 40 ക്യാംപുകളിലായി 1053 കുടുംബങ്ങളാണ് കഴിയുന്നത്. അമ്പലപ്പുഴ,കുട്ടനാട് , ചെങ്ങന്നൂർ താലൂക്കുകളിലാണ് കൂടുതൽ ക്യാംപുകൾ.കുട്ടനാട് താലൂക്കിൽ 216 കുടുംബങ്ങൾക്കായി 11 കഞ്ഞി വീഴ്‌ത്തൽ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. തീരദേശത്ത് കടൽ ക്ഷോഭവും ശക്തമാണ്. എറണാകുളം ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ജില്ലയിലെ 230 വീടുകൾക്ക് നാശനഷ്ടമുണ്ടായി. മൂന്ന് വീടുകൾ പൂർണമായി തകർന്നു. കഴിഞ്ഞ ദിവസങ്ങളിലേക്കാൾ മഴയുടെ ശക്തി കുറയുമെങ്കിലും മലയോര മേഖലയിലും തീരപ്രദേശത്തും ജാഗ്രത തുടരണം.

വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിച്ചു. വിഴിഞ്ഞം സ്വദേശി ലാസറിന്റെ ഉടമസ്ഥതയിലുള്ള ഫാത്തിമ മാതാ വള്ളത്തിൽ പോയ ജോണി ,ജോസഫ് , മുത്തപ്പൻ , മത്യാസ് എന്നിവരെയാണ് പുലർച്ചെയോടെ  നാട്ടിലെത്തിച്ചത്.  തമിഴ്നാട് കുളച്ചലിന് സമീപം തകർന്ന വള്ളത്തിന് മുകളിൽ കയറി ഇരിക്കുമ്പോഴാണ് തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ഇവരെ കണ്ടെത്തിയതും രക്ഷിച്ചതും . സഹായ മാതാ വള്ളത്തിൽ പോയ മറ്റ് നാലു മത്സ്യത്തൊഴിലാളികളെ ഇന്നലെ വൈകിട്ട് രക്ഷപെടുത്തി വിഴിഞ്ഞത്ത് എത്തിച്ചിരുന്നു. വ്യാഴാഴ്ച വൈകിട്ട് മത്സ്യബന്ധനത്തിന് പോയ ഈ രണ്ടു വള്ളങ്ങളിലും ഉള്ളവർ ശക്തമായ തിരയിലും കാറ്റിലും പെട്ട് കടലിൽ കുടുങ്ങി പോവുകയായിരുന്നു. രണ്ടുദിവസത്തോളം തീരത്തെ മുൾമുനയിൽ നിർത്തിയ ശേഷമാണ് മത്സ്യത്തൊഴിലാളികളുടെ മടങ്ങിവരവ്

ENGLISH SUMMARY:

The India Meteorological Department (IMD) has announced a decrease in the intensity of rainfall across the state today. A Yellow Alert for rainfall has been issued for four districts: Alappuzha, Ernakulam, Kannur, and Kasaragod. Other districts are likely to experience moderate rainfall. Although the rain's intensity has reduced since yesterday afternoon, Alappuzha district continues to face the aftermath of heavy rainfall. In Kuttanad, the water levels in rivers and canals remain above the danger mark. The flooding has severely affected daily life in Kuttanad, with waterlogging persisting in homes and low-lying areas. Roads and rural paths are submerged.