കൊല്ലം അഴീക്കലില്‍ സ്വകാര്യ ധനകാര്യസ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ട് തകർത്ത് വസ്ത്രവും സർട്ടിഫിക്കറ്റുകളും എടുത്തു നൽകി സി.ആര്‍.മഹേഷ് എം.എല്‍.എ. സർട്ടിഫിക്കറ്റുകൾ ഇല്ലാത്തതു മൂലം കുട്ടികളുടെ പഠനം മുടങ്ങുമോ എന്ന ആശങ്കയിൽ നിൽക്കുമ്പോഴായിരുന്നു എംഎൽഎയുടെ ഇടപെടൽ
സ്വകാര്യ പണമിടപാട് സ്ഥാപനതിൽ നിന്ന് അഴീക്കൽ സ്വദേശി അനിമോൻ 18 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ആറരലക്ഷം രൂപ തിരിച്ചടച്ചു. അതിനിടെ ഭാര്യയുടെ ഒരു കണ്ണിൻറെ കാഴ്ച നഷ്ടപ്പെട്ടു. ഇതോടെ തിരിച്ചടവ് മുടങ്ങി. ചികിത്സയ്ക്കായി ആശുപത്രിയിൽ പോയിരുന്ന സമയത്ത് ബാങ്ക് ജീവനക്കാർ എത്തി വീടും ഗേറ്റും താഴിട്ട് പൂട്ടി. സ്കൂൾ തുറക്കുന്നതിന് മുമ്പ് സർട്ടിഫിക്കറ്റുകളും വസ്ത്രവും പുറത്തെടുക്കാൻ അവസരം നൽകണമെന്ന് പറഞ്ഞിട്ടും ബാങ്ക് അധികൃതർ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതറിഞ്ഞാണ് സി ആർ മഹേഷ് എംഎൽഎ എത്തിയത്. ബാങ്ക് സ്ഥാപിച്ച പൂട്ട് തകർത്തു കുടുംബത്തെ അകത്തു കയറ്റി.
സർട്ടിഫിക്കറ്റും, വസ്ത്രങ്ങളും എടുത്ത് കുടുംബം പുറത്ത് ഇറങ്ങിയശേഷം വാതിൽ എംഎൽഎ തന്നെ വീണ്ടും പൂട്ടി. കണ്ണിനു അസുഖം വന്നതുകാരണമാണ് തിരിച്ചടവ് മുടങ്ങിയതെന്ന് കുടുംബം. രണ്ടു പെണ്മക്കളും ഒൻപതു മാസം പ്രായമായ കുഞ്ഞും അടങ്ങുന്നതാണ് അശ്വതി യുടെ കുടുംബം. ഇനിയെങ്ങനെ എന്നു അറിയാതെ നിൽക്കുകയാണ് അവർ