കനത്തമഴ തുടരുന്ന തെക്കന്‍ ജില്ലകളില്‍ വ്യാപക നാശം. തിരുവനന്തപുരം പേരൂര്‍ക്കട എസ്.എ.പി ക്യാംപില്‍ മരം വീണ് നാല് പൊലീസുകാര്‍ക്ക് നിസാര പരുക്കേറ്റു. കൊല്ലം ആദിച്ചനല്ലൂരില്‍ ദുരിതാശ്വാസ ക്യാംപിലേക്ക് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആറന്മുള എഴിക്കാട് മേഖലയില്‍ വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപിലേക്ക് മാറി.
എസ്.എ.പി ക്യാംപിലെ ബാരക്കിനോട് ചേര്‍ന്നുള്ള മരം വീഴ്ചയിലാണ് മൂന്ന് പൊലീസ് ട്രെയിനികള്‍ക്കും എ.എസ്.ഐയ്ക്കും നിസാര പരുക്കേറ്റത്. നാലുപേരെയും പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴക്കൂട്ടത്ത് ശക്തമായ കാറ്റില്‍ പരസ്യബോര്‍ഡും കെട്ടിടത്തിന്‍റെ മേല്‍ക്കൂരയും ദേശീയപാതയിലേക്ക് വീണു. ദേശീയപാത നിര്‍മാണം നടക്കുന്നതിനാല്‍ വാഹനങ്ങള്‍ സര്‍വീസ് റോഡ് വഴി തിരിച്ചുവിട്ടിരുന്നതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. വിതുര, നെടുമങ്ങാട്, കല്ലാര്‍, എന്നിവിടങ്ങളില്‍ മരം കടപുഴകി വൈദ്യുതിത്തൂണുകള്‍ നിലംപൊത്തിയതിനെത്തുടര്‍ന്ന് തടസപ്പെട്ട വൈദ്യുതി ഇനിയും പുനസ്ഥാപിക്കാനായില്ല.
കൊല്ലം ആദിച്ചനല്ലൂരില്‍ ഒരു ദുരിതാശ്വാസ ക്യാംപ് തുറന്നു. വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് രണ്ട് കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി. കൊല്ലത്ത് മാത്രം കഴിഞ്ഞദിവസങ്ങളിലെ മഴയില്‍ 164 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞദിവസം രാത്രി തുടങ്ങിയ മഴ അതേ തീവ്രതയില്‍ പെയ്യുകയാണ്. ആറന്മുള എഴിക്കാട് മേഖലയില്‍ വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് കുടുംബങ്ങള്‍ ക്യാംപിലേക്ക് മാറി. പന്തളം മുടിയൂര്‍ക്കോണം നാഥനടിയിലും എട്ട് വീടുകളില്‍ വെള്ളം കയറി. മൂഴിയാര്‍ അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ നിലവില്‍ പത്ത് സെന്‍റീമീറ്ററാണ് ഉയര്‍ത്തിയിട്ടുള്ളത്.