സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുന്നു നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിലും പരക്കെ മഴ ലഭിക്കും. വരും മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശിയേക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിനിടെ കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 31 പേര്‍ മരിച്ചു. ഇന്നുമാത്രം മൂന്ന് മരണമാണ് സ്ഥിരീകരിച്ചത്. വെള്ളക്കെട്ടില്‍ വീണ്ട് കായംകുളം കട്ടച്ചിറയില്‍ പത്മകുമാ(66)റും ഹരിപ്പാട് വള്ളം മറിഞ്ഞ് ചക്കാട്ട് കിഴക്കതില്‍ സ്റ്റീവും(23) മരിച്ചു. കണ്ണൂര്‍ പാട്യത്ത് കഴിഞ്ഞ ദിവസം കാണാതെയായ നളിനിയുടെ മൃതദേഹം വീടിന് സമീപത്തുള്ള തോട്ടില്‍ നിന്നും കണ്ടെത്തി.
സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കോട്ടയത്ത് വൈക്കം മേഖലയില്‍ മൂവാറ്റുപുഴയാര്‍ കരകവിഞ്ഞു. തലയോലപ്പറമ്പ്, ചെമ്പ്, ഉദ്യനാപുരം, തലയാഴം മേഖലയില്‍ വെള്ളക്കെട്ടുണ്ട്. ആറന്മുള എഴിക്കാട്, മുടിയൂര്‍ക്കോണം മേഖലകളിലെ വീടുകളില്‍ വെള്ളംകയറി. തൃശൂര്‍ ചെന്ത്രാപ്പിന്നിയില്‍ 150 വീടുകളിലും വെള്ളംകയറി. അമ്പലപ്പുഴ–തിരുവല്ല സംസ്ഥാന പാതയില്‍ നെടുമ്പം റോഡില്‍ വെള്ളംകയറി. ഹെക്ടര്‍ കണിക്കിന് സ്ഥലത്ത് കൃഷിനാശം സംഭവിച്ചു. അതേസമയം ശക്തമായ മഴ തുടരുന്നതിനാല്‍ പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഷട്ടര്‍ അഞ്ച് സെന്‍റീമീറ്റര്‍ വീതം ഉയര്‍ത്താനും തീരുമാനം ആയി.
ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് കടലില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളില്‍ നാലുപേര്‍ സുരക്ഷിതര്‍. ഇവര്‍ സഞ്ചരിച്ച വള്ളം കന്യാകുമാരില്‍ കണ്ടെത്തി. ഡീസല്‍ തീര്‍ന്നതിെന തുടര്‍ന്ന് തീരസംരക്ഷണ സേന ഡീസലുമായി അവിടേക്ക് തിരിച്ചിട്ടുണ്ട്. വിഴിഞ്ഞം സ്വദേശി റോബിന്‍സണിന്‍റെ വള്ളമാണ് കണ്ടെത്തിയത്. ഇനി ഒരു വള്ളവും അഞ്ച് മല്‍സ്യത്തൊഴിലാളികളെയും കണ്ടെത്താനുണ്ട്.