വിഴിഞ്ഞം തീരത്ത് നിന്നും മല്‍സ്യബന്ധനത്തിനായി പോയി കടലില്‍പ്പെട്ട മുഴുവന്‍ വള്ളങ്ങളും തിരിച്ചെത്തി. ഏഴുവള്ളങ്ങളാണ് ശക്തമായ കാറ്റില്‍പ്പെട്ട് ദിശമാറി കടലില്‍പ്പെട്ടത്. മറ്റു വള്ളക്കാരും തീര സംരക്ഷണ സേനയും ചേര്‍ന്നാണ് ഇവരെ കരയിലെത്തിച്ചത്.
അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇന്ന് അഞ്ചുപേര്‍ മരിച്ചു. ഇടുക്കിയില്‍ തോട്ടില്‍വീണ് പാറത്തോട് പുത്തന്‍പറമ്പില്‍ ബാബു,വിഴിഞ്ഞത്ത് വള്ളംമറിഞ്ഞ് മല്‍സ്യത്തൊഴിലാളി ആന്‍റണി, എറണാകുളം തിരുമാറാടി വാളിയപ്പാടത്ത് മരം വീണ് അന്നക്കുട്ടി ചാക്കോ, ആലപ്പുഴ പുന്നപ്രയില്‍ വെള്ളക്കെട്ടില്‍വീണ് കെ.ജെ.ജയിംസ് എന്നിവരാണ് മരിച്ചത്. ഇതോടെ കാലവര്‍ഷക്കെടുതികളില്‍ മരണം 25 ആയി.
കാസര്‍കോട് കാഞ്ഞങ്ങാട് സംസ്ഥാനപാത 57ല്‍ മണ്ണിടിച്ചില്‍. മേഖലയില്‍ ഗതാഗതം നിരോധിച്ചു, 20 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പെരിയാട്ടടുക്കത്ത് ദേശീയപാതയില്‍ വലിയ വിള്ളല്‍ കണ്ടെത്തി . ഉയരത്തില്‍ മണ്ണിട്ടുയര്‍ത്തിയ മേഖല അപകട ഭീഷണിയിലാണ്.
അതിനിടെ, മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു. നിര്‍ദേശങ്ങളിങ്ങനെ: കേരള - കർണാടക തീരങ്ങളിൽ 30/05/2025 (ഇന്ന്) മുതൽ 01/06/2025 വരെയും; ലക്ഷദ്വീപ് തീരത്ത് 30/05/2025 (ഇന്ന്) മുതൽ 03/06/2025 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
30/05/2025 മുതൽ 01/06/2025 വരെ: കേരള - കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
30/05/2025 & 31/ 05/2025: ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തെക്കു പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കു കിഴക്കൻ അറബിക്കടൽ, ഗുജറാത്ത് തീരം അതിനോട് ചേർന്ന വടക്കു കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.