തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രി വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. നാല് വീടുകൾ പൂർണമായും ഒട്ടേറെ വീടുകൾ ഭാഗികമായും തകർന്നു. വിഴിഞ്ഞത്ത് ആങ്കർ പൊട്ടി കൂറ്റൻ ബോട്ട് മുങ്ങി. കഴക്കൂട്ടം ആനന്ദേശ്വരത്തെ വീടിനു മുമ്പിൽ അമ്മുക്കുട്ടിയമ്മ ഒരേ നില്പാണ്. ഇന്നലെ രാത്രി അമ്മുക്കുട്ടിയമ്മയും മകൻ അനിലും ഈ വീട്ടിൽ കിടന്നുറങ്ങുമ്പോഴാണ് വീടു തകർന്നതും മേൽക്കൂര പറന്നു പോയതും.
പുല്ലാട്ടുകരി കോളനിയിലെ സിന്ധുവിന്‍റെ വീടിനു മുകളിലേക്ക് കൂറ്റൻ ആഞ്ഞിലി മരം കടപുഴകി വീണ് വീണപ്പോൾ ആ വീട്ടിൽ എട്ടു പേരുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് കുടുംബാംഗങ്ങൾ രക്ഷപെട്ടത്. നെയ്യാറ്റിൻകരെ സ്വദേശികളായ തങ്കൻ , ബിജു എന്നിവരുടെ വീടുകളും തകർന്നു. ശക്തമായ കാറ്റിൽ വൈദ്യുതി ലൈനുകൾ തകർന്നതോടെ കാട്ടാക്കട, നെയ്യാറ്റിൻകര, നെടുമങ്ങാട് പ്രദേശങ്ങൾ ഇന്നലെ രാത്രി മുതൽ ഇരുട്ടിലാണ്.
കവടിയാർ , 'വെള്ളയമ്പലം, കുടപ്പനക്കുന്ന്, പട്ടം , കരമന, കാച്ചാണി തുടങ്ങി ഒട്ടേറെ ഇടങ്ങളിൽ മരം വീണ് വാഹനങ്ങൾക്കും വസ്തുക്കൾക്കും നാശനഷ്ടമുണ്ടായി. ഇതിനിടെയാണ് ഇന്നലഞ്ഞ കാറ്റിൽ ആങ്കർ പൊട്ടി ബോട്ട് മുങ്ങിയത്. വിഴിഞ്ഞം സ്വദേശി അംബ്രോസിന്‍റെ ഓകാരം എന്ന ബോട്ടാണ് മുങ്ങിയത്. ബോട്ട് ഉയർത്താൻ ശ്രമം തുടരുന്നു.