സംസ്ഥാനത്ത് ഇന്ന് എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. മറ്റ് ആറ് ജില്ലകളിലും ഒാറഞ്ച് അലര്‍ട്ടുമുണ്ട്. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇന്ന് അഞ്ച് മരണം. കാസര്‍കോട് മധൂരില്‍ കാല്‍വഴുതി തോട്ടില്‍വീണ് പ്രവാസി സാദിഖ് (39) മരിച്ചു. ഇടുക്കി തോട്ടില്‍വീണ് പാറത്തോട് പുത്തന്‍പറമ്പില്‍ ബാബു മരിച്ചു. വിഴിഞ്ഞത്ത് വള്ളംമറിഞ്ഞ് മല്‍സ്യത്തൊഴിലാളി ആന്‍റണി മരിച്ചു. എറണാകുളം തിരുമാറാടി വാളിയപ്പാടത്ത് അന്നക്കുട്ടി ചാക്കോ മരം വീണ് മരിച്ചു. ആലപ്പുഴ പുന്നപ്രയില്‍ വെള്ളക്കെട്ടില്‍വീണ് കെ.ജെ.ജയിംസ് മരിച്ചു. കാലവര്‍ഷക്കെടുതികളില്‍ മരണം 24 ആയി.
റെഡ് അലർട്ട് ഉള്ള കണ്ണൂർ ജില്ലയിൽ മഴക്കെടുതി രൂക്ഷം. വിവിധ ഇടങ്ങളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വീടുകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. അതിനിടെ തളിപ്പറമ്പ് കുപ്പത്ത് ദേശീയപാത നിർമാണമേഖലയിൽ വീണ്ടും മണ്ണിടിഞ്ഞു. പാട്യത്ത് തോട്ടിൽ വീണെന്ന് കരുതപ്പെടുന്ന വയോധികക്കായി തിരച്ചിൽ തുടരുകയാണ്.
സംസ്ഥാനത്തിന് ദുരിതാശ്വാസത്തിന് തുക അനുവദിച്ചു. കലക്ടര്‍മാര്‍ക്ക് ഒരു കോടി വീതം അനുവദിച്ചു. തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ക്ക് രണ്ടുകോടിയാണ് അനുവദിച്ചത്. പഞ്ചായത്തിന് ഒരുലക്ഷവും മുന്‍സിപ്പാലിറ്റികള്‍ക്ക് മൂന്നു ലക്ഷവും കോര്‍പ്പറേഷനുകള്‍ക്ക് അഞ്ചുലക്ഷം വീതവും നല്‍കും
കാസർകോട് മഞ്ചേശ്വരത്ത് മിന്നൽ പ്രളയം. പുലര്‍ച്ചെ മൂന്ന് മണിയോടെ കരോട മേഖലയിൽ വെള്ളം ഇരച്ചെത്തുകയായിരുന്നു. നിരവധി വീടുകളിൽ വെള്ളം കയറി. മജിബയിൽ വാഹനങ്ങൾ ഒഴുകിപ്പോയി. ദേശീയപാത ഡ്രെയ്നേജ് നിർമാണത്തിലെ അശാസ്ത്രീയതയാണ് വെള്ളക്കെട്ടിന് കാരണമായത്.
കനത്ത മഴയിൽ മരംവീണ് എറണാകുളം തിരുമാറാടിയിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. കുമ്പളത്തും ചെറായിലും വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി. തൃശ്ശൂരിൽ തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കിയിൽ നാല് ഡാമുകൾ തുറന്നു
ഇടവിട്ടുള്ള കനത്തമഴ ആലപ്പുഴ, കോട്ടയം ജില്ലകളെ വെള്ളത്തിലാക്കി. ആലപ്പുഴ പുന്നപ്രയിൽ മീൻപിടിക്കാൻ പോയ അറുപത്തിയഞ്ചുകാരനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം മേഖലയിൽ എഴുനൂറിലധികം വീടുകൾ വെള്ളത്തിലായി. മടവീഴ്ചയിൽ കൃഷി നാശം വ്യാപകമാണ്.
തോരാതെ പെയ്യുന്ന മഴയാണ് കൊല്ലം പത്തനംതിട്ട ജില്ലകളിലും സര്‍വനാശമുണ്ടാക്കുന്നത്. റോഡില്‍ മരം വീണത് പലേടത്തും ഗതാഗത തടസമുണ്ടാക്കി. പോസ്റ്റുകള്‍ ഒടിഞ്ഞു വീണതിനാല്‍ വൈദ്യുതി ബന്ധവും താറുമാറായി . താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വ്യാപക കൃഷി നാശവുമുണ്ടായി. ഓണത്തിനായി കൃഷി ചെയ്തി വാഴകളാണ് പലേടത്തും ശക്തമായ കാറ്റില്‍ ഒടിഞ്ഞു വീണത്. പത്തനംതിട്ടയില്‍ കനത്ത കാറ്റാണ് നാശം വിതയ്ക്കുന്നത് . ഇടവിട്ടു ശക്തമായ മഴം പെയ്യുന്നുണ്ട്. ഒട്ടേറെ വീടുകള്‍ക്ക് മുകളില്‍ മരം വീണു. കുറുമ്പന്‍ മൂഴി, അരയാലിമണ്‍ മുക്കം ക്രോസ് വേകള്‍ മുങ്ങി
തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രി വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. നാല് വീടുകൾ പൂർണമായും ഒട്ടേറെ വീടുകൾ ഭാഗികമായും തകർന്നു. വിഴിഞ്ഞത്ത് ആങ്കർ പൊട്ടി കൂറ്റൻ ബോട്ട് മുങ്ങി.