സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രഫഷനല്‍ കോളജുകളുള്‍പ്പടെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു. ഇടുക്കി ജില്ലയിലെ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും മാറ്റമില്ല.
കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മറ്റെല്ലാ ജില്ലകളിലും യെലോ അലർടും അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
അതിനിടെ വിഴിഞ്ഞത്ത് നിന്ന് മല്‍സ്യബന്ധനത്തിനായി പോയ 13 മല്‍സ്യത്തൊഴിലാളികള്‍ ഇനിയും തിരിച്ചു വരാനുണ്ടെന്ന് കോസ്റ്റ്ഗാര്‍ഡ്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ വാഴാനി ഡാം നാളെ തുറക്കും. നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.