kerala-rain-05

പെരുമഴപ്പെയ്ത്ത് തുടരുന്നു. മഴക്കെടുതികളില്‍ ഇന്ന് രണ്ടുമരണം. ആലപ്പുഴ പുന്നപ്രയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. കാലവര്‍ഷക്കെടുതികളില്‍ മരണം 22 ആയി.  കണ്ണൂര്‍ പാട്യം മുതിയങ്ങയില്‍ വീടിനടുത്തെ തോട്ടില്‍വീണ് സ്ത്രീയെ കാണാതായി. മലപ്പുറം കാളികാവില്‍ യുവാവ് പുഴയില്‍ ഒഴുക്കില്‍പ്പെട്ടു. കണ്ണൂര്‍ കക്കാട് പുഴ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളംകയറുന്നു.

കാസര്‍കോട് മിന്നല്‍പ്രളയം. അതിശക്തമായ മഴ, കാസര്‍കോട് മഞ്ചേശ്വരത്ത് വെള്ളക്കെട്ട് രൂക്ഷം. പാവൂര്‍, ഗെറുകട്ടെ, മച്ചമ്പാടി, പൊസോട്ട് മേഖലകളിലും യേര്‍ക്കാട് ജംക്ഷനിലും വെള്ളക്കെട്ട്.  മൂഡംബൈലില്‍ വാഹനങ്ങള്‍ ഒഴുകിപ്പോയി. മഞ്ചേശ്വരം കരോടയില്‍ ദേശീയപാത സര്‍വ്വീസ് റോഡില്‍ വെള്ളംഉയര്‍ന്നു. മൂഡംബൈലില്‍ വാഹനങ്ങള്‍ ഒഴുകിപ്പോയി, ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു.

ഇടുക്കിയിലെ പൊന്‍മുടി, പാംബ്ല, കല്ലാര്‍ക്കുട്ടി, മലങ്കര ഡാമുകള്‍ തുറന്നു. മൂവാറ്റുപുഴയാറില്‍ വലിയതോതില്‍  ജലനിരപ്പ് ഉയര്‍ന്നു. കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ  അഞ്ച് ക്യാംപുകളിലായി 115 പേരെ മാറ്റിപാര്‍പ്പിച്ചു.  അപ്പര്‍ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. 

കോട്ടയത്ത് കനത്തമഴയില്‍ പടഞ്ഞാറന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഇടുക്കി അടിമാലിയില്‍ വീടിന് മുകളിലേക്ക് മരംവീണു. എറണാകുളം കുമ്പളത്ത് ഇന്നലെ രാത്രി മീന്‍ പിടിക്കുന്നതിനിടെ ശക്തമായ കാറ്റില്‍ വള്ളം മറിഞ്ഞ്  ഒരാളെ കാണാതായി. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കാക്കനാട് ചിത്രപ്പുഴ  കവിഞ്ഞൊഴുകി. തൂതിയൂര്‍ കരിയില്‍ കോളനിയിലും ഇന്ദിര നഗറിലും വീടുകളില്‍ വെള്ളം കയറി പത്തോളം കുടുംബങ്ങള്‍ ദുരിതത്തിലായി.

ENGLISH SUMMARY:

The heavy downpour continues across the state. Two more rain-related deaths were reported today. One person died after slipping into a waterlogged area in Punnapra, Alappuzha. The total death toll from monsoon-related incidents has now reached 22. In Padiyam Muthiyanga, Kannur, a woman went missing after falling into a nearby stream. In Kalikavu, Malappuram, a youth was swept away by the river. Water levels are rising in low-lying areas of Kannur as the Kakkad river overflows.