സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂറില്‍ അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. ബാക്കി ഒന്‍പതു ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പ്, ഒാറഞ്ച് അലര്‍ട്ട്. മഴക്കെടുതികളില്‍ ഇന്ന് മൂന്ന് മരണം. എറണാകുളം തിരുമാറാടി വാളിയപ്പാടത്ത് മരം വീണ് അന്നക്കുട്ടി ചാക്കോയും ആലപ്പുഴ പുന്നപ്രയില്‍ വെള്ളക്കെട്ടില്‍ കെ.ജെ.ജയിംസും മരിച്ചു. വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് മല്‍സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.
കാലവര്‍ഷക്കെടുതികളില്‍ മരണം 23 ആയി. വിവിധയിടങ്ങളില്‍ ഒഴുക്കില്‍പെട്ട് മൂന്നുപേരെ കാണാതായി. കണ്ണൂര്‍ കക്കാട് പുഴ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളംകയറുന്നു. കണ്ണൂര്‍ കുപ്പത്ത് ദേശീയപാത നിര്‍മ്മാണ മേഖയില്‍ വീണ്ടും മണ്ണിടിഞ്ഞ് താഴ്ന്നു. കാസര്‍കോട് മഞ്ചേശ്വരത്ത് വെള്ളക്കെട്ട് രൂക്ഷം.
പാവൂര്‍, ഗെറുകട്ടെ, മച്ചമ്പാടി, പൊസോട്ട് മേഖലകളിലും യേര്‍ക്കാട് ജംക്ഷനിലും വെള്ളക്കെട്ട്. മൂഡംബൈലില്‍ വാഹനങ്ങള്‍ ഒഴുകിപ്പോയി. ഇടുക്കിയിലെ പൊന്‍മുടി, പാംബ്ല, കല്ലാര്‍ക്കുട്ടി, മലങ്കര ഡാമുകള്‍ തുറന്നു. മൂവാറ്റുപുഴയാറില്‍ വലിയതോതില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കി മാട്ടുക്കട്ടയില്‍ ഓട്ടോ ഗാരേജിനുമുകളില്‍ മരംവീണു. കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ അഞ്ച് ക്യാംപുകളിലായി 115 പേരെ മാറ്റിപാര്‍പ്പിച്ചു.
അപ്പര്‍ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കോട്ടയത്ത് കനത്തമഴയില്‍ പടഞ്ഞാറന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഇടുക്കി അടിമാലിയില്‍ വീടിന് മുകളിലേക്ക് മരംവീണു. എറണാകുളം കുമ്പളത്ത് ഇന്നലെ രാത്രി മീന്‍ പിടിക്കുന്നതിനിടെ ശക്തമായ കാറ്റില്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കാക്കനാട് ചിത്രപ്പുഴ കവിഞ്ഞൊഴുകി. തൂതിയൂര്‍ കരിയില്‍ കോളനിയിലും ഇന്ദിര നഗറിലും വീടുകളില്‍ വെള്ളം കയറി പത്തോളം കുടുംബങ്ങള്‍ ദുരിതത്തിലായി.
കൊല്ലത്തും വ്യാപക നാശം. ശക്തമായ മഴയിലും കാറ്റിലും കൊല്ലം ജില്ലയില്‍ വ്യാപകമായി ഇലക്ട്രിക് പോസ്റ്റുകള്‍ മറിഞ്ഞു. ഇലക്ട്രിക് പോസ്റ്റുകള്‍ മറിഞ്ഞ് തങ്കശേരിയില്‍ ഗതാഗതം സ്തംഭിച്ചു. അഞ്ചല്‍ ആലഞ്ചേരി പാണയത്ത് കൂറ്റന്‍ തേക്കുമരം കടപുഴകി, സമീപത്തെ മതിലും ഗേറ്റും തകര്‍ന്നു. ഏരൂര്‍ ഭാരതീപുരത്ത് വീടിന് മുകളില്‍ മരം വീണു, പഴയേരൂര്‍ മൂര്‍ത്തിക്കാവ് ക്ഷേത്രത്തിന് മുകളില്‍ മരം വീണു.