സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ സംസ്ഥാന വ്യാപകമായി അതിതീവ്ര മഴയെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. ശനിയാഴ്ച മഴക്ക് ശമനമുണ്ടായേക്കും.
മഴയ്ക്കൊപ്പം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗമുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രിവരെ ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രവും അറിയിച്ചു.
ആലപ്പുഴയിൽ കാലവർഷക്കെടുതികൾ തുടരുന്നു. കനത്ത മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തമായതിനെ തുടർന്ന് കുട്ടനാട്ടിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽ എത്തി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കാവാലം, കൈനകരി, ചമ്പക്കുളം, നെടുമുടി, പുളിങ്കുന്ന് പഞ്ചായത്തുകളിൽ വിവിധ റോഡുകളിൽ ചിലയിടത്ത് വെള്ളം കയറി. കാവാലം തട്ടാശേരി - മൂർത്തി നടറോഡ് വെള്ളത്തിൽ മുങ്ങി. വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ആലപ്പുഴ ജില്ലയിൽ ഇതുവരെ 419 വീടുകൾ ഭാഗികമായും 11 വീടുകൾ പൂർണ്ണമായും തകർന്നു. ചേർത്തല, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലാണ് നാശനഷ്ടം കൂടുതൽ.
കടലിലേക്ക് വെള്ളമൊഴുക്കുന്ന തോട്ടപ്പള്ളി പൊഴി മുഖത്ത് നിന്ന് പൂർണതോതിൽ മണ്ണു നീക്കാത്തതിനാൽ പുറക്കാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും, അപ്പർ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലും വീടുകളിൽ വെള്ളം കയറി. കാവാലം മംഗലം മാണിക്യമംഗലം, കൈനകരിയിലെ ആറ്പങ്ക് പാടശേഖരങ്ങളിൽ മടവീഴ്ചയുണ്ടായി. കുത്തിയതോട് KSEB സെക്ഷൻ ഓഫീസ് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാലു ദിവസമായി വൈദ്യുതിയില്ല. കാറ്റിലും മഴയിലും വൈദ്യുതി പോസ്റ്റുകൾ നിലംപതിച്ചതാണ് കാരണം. അമ്പലപ്പുഴ താലൂക്കിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. ഇവിടെ 18 പേരെ പാർപ്പിച്ചിട്ടുണ്ട്. ചേർത്തല ഒറ്റമശേരി, തൃക്കുന്നപ്പുഴ , ആറാട്ടുപുഴ, തറയിൽകടവ്, കാക്കാഴം, വളഞ്ഞ വഴി ,പുന്നപ്ര തീരങ്ങളിൽ കടലാക്രമണം ശക്തമാണ്.