സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. പടിഞ്ഞാറന്‍ കാറ്റിന്‍റെ ശക്തി കൂടുമെന്നും മുന്നറിയിപ്പ്. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഷട്ടര്‍ അഞ്ച് സെന്‍റീമീറ്റര്‍വീതം തുറക്കും. മൂലത്തറ റെഗുലേറ്ററിന്‍റെ ഷട്ടറുകള്‍ തുറന്നതിനാല്‍ ചിറ്റൂര്‍ പുഴയില്‍ ജലനിരപ്പ് ഉയരും.
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇടുക്കി, കോഴിക്കോട്, കാസര്‍കോട‌്, ആലപ്പുഴ ജില്ലകളില്‍ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നു. ഇടുക്കിയിൽ വിവിധയിടങ്ങളിൽ മണ്ണും മരവും വീണ് ഗതാഗതം തടസപ്പെട്ടു. കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്ത് കൂടി സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.
ആലപ്പുഴയിൽ കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ കുട്ടനാട്ടിൽ ജലനിരപ്പ് അപകട നിലയോളമെത്തി. പാടശേഖരങ്ങൾക്ക് മടവീഴ്ച ഭീഷണിയുണ്ട്. കോട്ടയത്ത് മലയോര മേഖലയിൽ ഉൾപ്പെടെ ഇടവിട്ട് മഴ തുടരുന്നു. മരങ്ങൾ കടപുഴകി വീണ് കെ.എസ്.ഇ.ബിയുടെ വൈദ്യുതി തൂണുകൾ ഒടിഞ്ഞതിനാൽ വൈദ്യുതി മുടക്കം പതിവാണ്.