rain-alert

സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്ര മഴ. മറ്റ് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. നാളെ ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. 

വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ശക്തമായ കാറ്റില്‍ വ്യാപകനാശമാണുണ്ടായിരിക്കുന്നത്. കണ്ണൂർ വലിയന്നൂരില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണ് കടകളും  വൈദ്യുതി ലൈനുകളും നശിച്ചു. കാസ‍ര്‍കോട് കീഴൂരിലും ഒട്ടേറെ വൈദ്യുതി തൂണുകള്‍ നിലം പതിച്ചു.  കോഴിക്കോട് മൊകവൂരില്‍ ദേശീയപാതയില്‍ കൂറ്റന്‍ പരസ്യബോർഡ് തകർന്ന് വീണു.

കണ്ണൂർ വലിയന്നൂരിലാണ് ശക്തമായ കാറ്റ് വ്യാപക നാശം വിതച്ചത്. ടൗണിലുണ്ടായിരുന്ന നിരവധി കടകള്‍ക്ക് കേട് പാട് സംഭവിച്ചു. ലോട്ടറി വില്‍ക്കുന്ന പെട്ടിക്കട കാറ്റില്‍ ഉയര്‍ന്ന് പൊങ്ങി നിലത്ത് വീണു. ലോട്ടറി  വില്‍പ്പനക്കാരന്‍ പുരുഷോത്തമന് പരുക്കേറ്റിട്ടുണ്ട്. കാസര്‍കോട് കീഴൂരില്‍ എട്ട് വൈദ്യുതി പോസ്റ്റുകള്‍ നിലം പതിച്ചു. കാറിന് മുകളില്‍ ഉള്‍പ്പെടെ പോസ്റ്റുകള്‍ വീണു. ആര്‍ക്കും പരുക്കേറ്റിട്ടില്ല. കോഴിക്കോട് മൊകവൂരില്‍ പാടത്ത് സ്ഥാപിച്ച പരസ്യബോര്‍ഡാണ് സര്‍വീസ് റോഡിലേക്ക് വീണത്. ബോര്‍ഡിന്‍റെ ഒരു അറ്റം ദേശീയ പാതയുടെ കൈവരിയിലേക്കും പതിച്ചിട്ടുണ്ട്. സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം താത്കാലിമായി നിരോധിച്ചു. 

കൊയിലാണ്ടി ദേശീയപാതയുടെ സ‍ര്‍വീസ് റോഡിലെ ചെളിയില്‍ താഴ്ന്ന് വാഹനം മറിഞ്ഞു. കണ്ണൂരിലേക്കുള്ള റോഡിലാണ് ലോഡുമായി വന്ന പിക്കപ്പ് വാന്‍ താഴ്ന്നത്. സ‍ര്‍വീസ് റോഡില്‍ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ പാലക്കാട്  കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കും. 

മുലത്തുറ റെഗുലേറ്ററിന്‍റെ രണ്ടു ഷട്ടറുകള്‍ തുറന്നതിനാല്‍ ചിറ്റൂര്‍പുഴയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. കോഴിക്കോട് താമരശേരിയിലും പാലക്കാട് മരുത റോഡിലും മരം വീണ് വീടുകള്‍ ഭാഗികമായി തകര്‍ന്നു.വയനാട്ടില്‍ 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 739 പേരെ മാറ്റി പാര്‍പ്പിച്ചു. 

മധ്യകേരളത്തിൽ ഇടവിട്ട ശക്തമായ മഴ തുടരുകയാണ്. ഇടുക്കി വട്ടവടയിൽ കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയത്ത് പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിന് അടിയിലായി. കുട്ടനാട് പുളിങ്കുന്നിൽ കനത്ത മഴയിൽ മാവേലി സ്റ്റോർ വെള്ളത്തിൽ മുങ്ങി. 

കോവിലൂർ സ്വദേശി വിഷ്ണുവാണ് ഇടുക്കി വട്ടവടയിൽ കനാലിൽ വീണ് മരിച്ചത്. രാത്രി കാൽ വഴുതി കനാലിലേക്ക് വീണതാകാം എന്നാണ് നിഗമനം. കോട്ടയത്ത് ഇടവിട്ടുള്ള മഴയിൽ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ജില്ലയില്‍ പതിനഞ്ച് ക്യാമ്പുകളിലായി അറുപത്തിരണ്ടു കുടുംബങ്ങളിലെ 181 പേരെ മാറ്റി താമസിപ്പിച്ചു. ഇടുക്കി ചപ്പാത്ത് ഹെവൻ വാലിയിൽ വീടിന്റെ മുകളിലേക്ക് കൂറ്റൻ പാറക്കല്ല് ഇടിഞ്ഞ് വീണ് വീട് തകർന്നു. പാറക്കൽ പുഷ്പം ഹൃദയരാജിൻ്റെ വീടാണ് തകർന്നത്. 

വൈക്കം ക്ഷേത്രത്തിലെ കൂറ്റൻ ആൽമരം കടപുഴകി വീണു. അയ്മനത്ത് മട വീഴ്ചയുണ്ടായി. മുന്നൂറു ഏക്കർ പാടശേഖരത്തിലെ കൃഷി ഒരുക്കങ്ങൾ വെള്ളത്തിലായി. കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ അപ്പർകുട്ടനാട്ടിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. എടത്വ, തലവടി, മേപ്രാൽ, ചാത്തങ്കേരി എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ആലപ്പുഴ തായങ്കരി ചങ്ങനാശ്ശേരി റോഡിൽ വെള്ളം കയറിയതിനാൽ സ്ഥലത്തെ കെഎസ്ആർടിസി ബസ് സർവീസ് താൽക്കാലികമായി നിർത്തിവച്ചു.

ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം വാളാർഡിയിൽ ലയത്തിനു മേൽ വൻ മരം കടപുഴകി വീണു. ലയങ്ങളിൽ താമസിച്ചിരുന്നവർ തലനാരിഴക്ക് രക്ഷപ്പെട്ടു. രണ്ട് ഓട്ടോറിക്ഷകൾ പൂർണമായും തകർന്നു. കുട്ടനാട്ടിലെ പുളിങ്കുന്നിൽ മാവേലി സ്റ്റോർ വെള്ളത്തിൽ മുങ്ങി, സാധനങ്ങൾ ഭാഗികമായി നശിച്ചു. കൊച്ചിയിൽ കാക്കനാട് എൻജിഒ ക്വാട്ടേഴ്സിന് സമീപം മരച്ചില്ല ഒടിഞ്ഞുവീണ് കാർ തകർന്നു. കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അടിമാലി പത്താം മൈൽ ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. ചേർത്തല ഒറ്റമശേരി, തൃക്കുന്നപ്പുഴ , ആറാട്ടുപുഴ, തറയിൽകടവ്, കാക്കാഴം, വളഞ്ഞ വഴി ,പുന്നപ്ര തീരങ്ങളിൽ കടലാക്രമണം ശക്തമാണ്. 

ഇടുക്കി കല്ലാര്‍ക്കുട്ടിക്ക് സമീപം കത്തിപ്പാറയില്‍ കാറിന് മുകളിലേക്ക് മരം വീണു. അ‌ടിമാലിയിലുള്ള വൈദികന്‍ റെജി പാലക്കാടിന്റെ വാഹനത്തിലേക്കാണ് മരം വീണത്. ആലപ്പുഴ ജില്ലയിൽ ഇതുവരെ 419 വീടുകൾ ഭാഗികമായും 11 വീടുകൾ പൂർണ്ണമായും തകർന്നു. കുത്തിയതോട് കെഎസ്ഇബി സെക്ഷൻ ഓഫീസ് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാലു ദിവസമായി വൈദ്യുതിയില്ല. കാറ്റിലും മഴയിലും വൈദ്യുതി പോസ്റ്റുകൾ നിലംപതിച്ചതാണ് കാരണം. 

അമ്പലപ്പുഴ താലൂക്കിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് 18 പേരെ മാറ്റി പാർപ്പിച്ചു. കൊച്ചി ലൂർദ് ആശുപത്രിക്ക് സമീപവും വാഴക്കാല വില്ലേജ് ഓഫീസിന് മുമ്പിലും മരം വീണു.  തൊടുപുഴയാറിൽ ജലനിരപ്പുയർന്നതോടെ, സമീപത്തെ വീടിന്റെ ചുറ്റുമതിൽ തകർന്നു. നിലവിൽ  ഇടുക്കിയിൽ 5 ദുരിതാശ്വാസക്യാംപുകളാണ് തുറന്നിരിക്കുന്നത്. ചേർത്തല ഒറ്റമശേരി, തൃക്കുന്നപ്പുഴ , ആറാട്ടുപുഴ, തറയിൽകടവ്, കാക്കാഴം, വളഞ്ഞ വഴി ,പുന്നപ്ര തീരങ്ങളിൽ കടലാക്രമണം ശക്തമാണ്. 

ENGLISH SUMMARY:

Eight districts in Kerala are under a Red Alert today due to extremely heavy rainfall. These include Pathanamthitta, Kottayam, Ernakulam, Idukki, Wayanad, Kannur, and Kasaragod. Six other districts are under an Orange Alert.