വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടിയെ നാട്ടുകാര്‍ തടഞ്ഞു. മധ്യവയസ്കനെ മന്ത്രിയുടെ അകമ്പടി പൊലീസുകാരന്‍ തള്ളിവീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ രാത്രി മന്ത്രിയെ തടഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇന്നലെ രാത്രി ഒന്‍പതരയോടെ ആലുവ റെയില്‍വേ സ്റ്റേഷന് മുന്‍പിലാണ് സംഭവം. കൊച്ചുവേളി– മൈസൂര്‍ ട്രെയിനില്‍ ആലുവയിലേയ്ക്ക് വന്ന മന്ത്രി കെ കൃഷ്ണന്‍ കുട്ടിക്ക് അകമ്പടിപോകാന്‍ വടക്കേക്കര പൊലീസ് ജീപ്പാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ഈ സമയം ഒരു മധ്യവയസ്കന്‍ മദ്യ ലഹരിയില്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞ് എത്തി. അകമ്പടി ജീപ്പിലെ ഒരു പൊലീസുകാരന്‍ ഇയാളെ തള്ളി റെയില്‍വേ സ്റ്റേഷന് പുറത്താക്കി. ഇയാള്‍ വീണ്ടും തിരിച്ചെത്തിയതോടെ പൊലീസുകാരന്‍ വീണ്ടും തള്ളി. സ്റ്റേഷന്‍ പരിസരത്തെ ടാക്സി കിയോസ്കിനു മുന്‍പില്‍ ഇയാള്‍ തലയടിച്ചു വീണു. രക്തം വാര്‍ന്നതോടെ ഒാട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ പൊലീസുകാരനോട് ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഒടുവില്‍ മന്ത്രി എത്തിയപ്പോള്‍ നാട്ടുകാരും ഒാട്ടോ റിക്ഷ ഡ്രൈവര്‍മാരും ചേര്‍ന്ന് മന്ത്രിയെ തടഞ്ഞ് കാര്യങ്ങള്‍ ധരിപ്പിച്ചു. പൊലീസ് ജീപ്പും തടഞ്ഞു. മന്ത്രിയുടെ നിര്‍ദേശപ്രകാരം ഇയാളെ ആശുപത്രിയിലേയ്ക്ക് മാറ്റി.